ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസിന് അർഹരായ ജനങ്ങൾക്ക് ജനുവരി 10 മുതൽ മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങുമെന്നും ഇത് ലഭിച്ചവർക്ക് മൂന്നാം ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവരിൽ ഗുരുതര രോഗമുള്ളവർക്കുമാണ് മൂന്നാം ഡോസ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച പ്രതിദിനം 8,000ൽ താഴെ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനായിരത്തിന് മുകളിൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കാൻ തുടങ്ങി. ഇതിനോടകം 961 ഒമിക്രോൺ രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അപ്രതീക്ഷിത വ്യാപനം ഇപ്പോൾ ഉണ്ടാകുന്നതിനുള്ള കാരണം ഒമിക്രോൺ ആണെന്നാണ് കേന്ദ്രം സൂചന നൽകുന്നത്. രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി. പ്രതിരോധത്തിനായി മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സംസ്ഥാനങ്ങൾ സജ്ജമാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനിടെ ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം ആരംഭിച്ചതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളിൽ 48 ശതമാനവും ഒമിക്രോൺ ബാധിച്ചവരാണെന്നാണ് വിലയിരുത്തൽ.
















Comments