ന്യൂഡൽഹി: കൗമാരക്കാർക്കുള്ള കൊറോണ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷൻ തീയതി തെരഞ്ഞെടുക്കാം.15-18 വരെ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാരാണ് സംസ്ഥാനത്തുള്ളത്.
രജിസ്റ്റർ ചെയ്യുന്ന സമയത്ത് കുട്ടികൾ തിരിച്ചറിയൽ രേഖ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യണം. ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്‌കൂളിലെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാമെന്ന് നിർദ്ദേശമുണ്ട്. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പറിൽ നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും. വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസമില്ല.
രണ്ട് ഡോസിന് ഇടയിൽ നാല് ആഴ്‌ച്ച ഇടവേള എന്ന നിലയിൽ പ്രായപൂർത്തിയായവർക്ക് നൽകുന്ന അതേ അളവിലായിരിക്കും 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുക.ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിക്കുന്നത്.
അതേസമയം ജനുവരി 10 മുതൽ നൽകിത്തുടങ്ങുന്ന കരുതൽ ഡോസിന് അർഹരായവരുടെ വിവരങ്ങൾ കൊവിൻ ആപ്പിൽ അപ്‌ഡേറ്റാകും. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്‌സിൻ തന്നെ നൽകിയാൽ മതിയെന്നാണ് തീരുമാനം. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള.
ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്‌സിൻ തന്നെയാണ് രണ്ടാമത്തെ ഡോസായി ലഭിക്കുക.
















Comments