ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ എസ്പി ഓഫീസ് മാർച്ച്. ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കൊലപാതകത്തിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും പുറത്തുകൊണ്ടുവരണമെന്നും സംഘപരിവാർ പ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഏറ്റവും ഭീതിജനകമായ രീതിയിൽ, ഒരു മനുഷ്യനോട് ചെയ്യാൻ കഴിയാത്ത രീതിയിലാണ് അമ്മയുടെയും ഭാര്യയുടെയും മുൻപിലിട്ട് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ആ കൊലപാതകത്തെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് നന്നായി അറിയാവുന്നവരാണ് സംഘപരിവാർ പ്രവർത്തകരെന്ന് അദ്ദേഹം ഓർ്മ്മിപ്പിച്ചു. പക്ഷെ നാം ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലായതിനാലും നിയമവാഴ്ചയിൽ വിശ്വാസമുളളതുകൊണ്ടുമാണ് സംയമനം പാലിക്കുന്നത്.
രൺജീത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവർ അന്യസംസ്ഥാനത്തേക്ക് രക്ഷപെട്ടുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് രണ്ടു പേരെ പിടികൂടി. പോപ്പുലർ ഫ്രണ്ടുകാരുടെ അന്യസംസ്ഥാനം പെരുമ്പാവൂരാണോയെന്ന് എം.ടി രമേശ് ചോദിച്ചു.
പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യാൻ പോലീസിന് പേടിയുണ്ടെങ്കിൽ ആ പട്ടിക ഞങ്ങളെ ഏൽപിക്കണം. പോപ്പുലർ ഫ്രണ്ടുകാരന്റെയും എസ്ഡിപിഐക്കാരന്റെയും കൊലക്കത്തിക്ക് ഇരയാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് പതിനായിരക്കണക്കിന് പ്രവർത്തകർ ഇവിടെ പ്രവർത്തിക്കുന്നത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് എംടി രമേശ് ചോദിച്ചു.
ഏതെങ്കിലും സംസ്ഥാന നേതാവിനെ ചോദ്യം ചെയ്‌തോയെന്നും അദ്ദേഹം ആരാഞ്ഞു.
പോലീസ് പറഞ്ഞ കാര്യങ്ങൾ എല്ലാം വിശ്വസിച്ചുവെന്ന് കരുതണ്ട. പോലീസിനോടുളള ബഹുമാനം കൊണ്ടും നിങ്ങൾ എന്ത് ചെയ്യും എന്ന് കാണാൻ വേണ്ടിയുമാണ് കാത്തിരുന്നത്. പക്ഷെ പോലീസ് പറയുന്ന എല്ലാ വിവരക്കേടും വിഡ്ഡിത്തവും വിഴുങ്ങാൻ ബിജെപിക്ക് ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികൾക്ക് നഗരം വിടാനും ജില്ല വിടാനും കേരളം വിടാനുമുളള നിരീക്ഷണമാണോ പോലീസ് ഒരുക്കിയതെന്നും എംടി രമേശ് ചോദിച്ചു. രൺജീത് ശ്രീനിവാസന്റെ ചോരയ്‌ക്ക് ഉത്തരവാദി എസ്ഡിപിഐ മാത്രമല്ല പോലീസുകാരും കൂടിയാണ്. പോലീസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടു കൂടിയാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറെ നാളായി ഏകപക്ഷീയമായ കൊലപാതകങ്ങൾ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ മുമ്പിൽ നിർത്തി ചെറുതും വലുതുമായ മുസ്ലീം തീവ്രവാദ സംഘടനകളാണ് ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്.
ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രവർത്തകർ ഒന്നിനും പറ്റാത്തവരാണെന്ന ബോധ്യം വേണ്ട. രൺജീത്തിന്റെ കൊലപാതകത്തിന് ശേഷം ആയിരക്കണക്കിന് പ്രവർത്തകർ ആലപ്പുഴയിൽ ഉണ്ടായിരുന്നു. പക്ഷെ ഒരു ചെറിയ പ്രകോപനം പോലും ഉണ്ടായില്ല. പക്ഷെ ഇപ്പോൾ പോലീസ് ചെയ്യുന്നത് രാത്രിയിൽ കിടന്നുറങ്ങുന്ന ആളുകളെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഫോട്ടോയെടുക്കുകയുമൊക്കെയാണ്. ആലപ്പുഴയിൽ മാത്രമല്ല സംസ്ഥാനത്ത് മുഴുവൻ ഉണ്ട്. നേരത്തെ ശബരിമല വിഷയത്തിലും ഇതേ സ്ഥിതി തന്നെയായിരുന്നുവെന്ന് എംടി രമേശ് പറഞ്ഞു.

പോലീസിനോടുളള മര്യാദയുടെ കാലം കഴിഞ്ഞു. ബിജെപി പ്രവർത്തകർ ഒളിപ്പോരാളികൾ അല്ല. പിന്നെ എന്തിനാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ബിജെപി പ്രവർത്തകർ നാട്ടിൽ പ്രവർത്തിക്കുന്നതാണ്. ആർഎസ്എസിനെയും ബിജെപിയെയും നിരോധിച്ചിട്ടുണ്ടോ? എന്ത് അധികാരത്തിന്റെ പിൻബലത്തിലാണ് പാതിരാത്രിയിൽ പോലീസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് വീട്ടിൽ കയറി വരുന്നതെന്നും എംടി രമേശ് ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും താരതമ്യം ചെയ്ത് എത്ര നാൾ മുൻപോട്ടു പോകാനാകും. പോപ്പുലർ ഫ്രണ്ടിനെ താരതമ്യം ചെയ്യേണ്ടത് ഹിസ്ബുൾ മുജാഹിദീനുമായും ഐഎസുമായും ആണ്. ആർഎസ്എസിനെപ്പോലുളള ദേശീയ പ്രസ്ഥാനങ്ങളുമായിട്ടല്ലെന്നും എം. ടി രമേശ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ സംസ്ഥാന നേതാക്കളായ പന്തളം പ്രതാപൻ, സന്ദീപ് വാചസ്പതി, പി സുധീർ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
















Comments