കൊച്ചി : കേരള സർവ്വകലാശാല രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകാത്തത് മാർക്‌സിസ്റ്റ് പാർട്ടിയുടെ ജാതീയത കാരണമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് , എല്ലാ പ്രതികൂലസാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യയുടെ രാഷ്‌ട്രപതിയായ വ്യക്തിത്വമാണ്. എന്നാൽ ദളിതനായി പോയതിന്റെ പേരിലാണ് കേരള യൂണിവേഴ്‌സിറ്റി അദ്ദേഹത്തെ അപമാനിക്കുന്നത് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ദളിതനായതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ്. ദളിതനായി പോയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടപ്പോൾ കെആർ നാരായണൻ കേരള യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. അൻപത് വർഷം കഴിഞ്ഞാണ് അദ്ദേഹം അത് കൈപ്പറ്റിയത്. അന്നത്തെ ദളിത് വിരുദ്ധത ഇപ്പോഴും കേരള യൂണിവേഴ്‌സിറ്റിയിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പല തവണ ബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ അവസരം ലഭിച്ചിട്ടും ഒരു ദളിതനെ പോലും മുഖ്യമന്ത്രിയാക്കാത്ത , പോളിറ്റ് ബ്യൂറോയുടെ ഏഴയലത്തു പോലും ദളിതനെ അടുപ്പിക്കാത്ത സിപിഎം , രാം നാഥ് കോവിന്ദ് എന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെ അവഹേളിച്ചതിൽ എന്ത് അത്ഭുതമാണുള്ളതെന്ന് സന്ദീപ് വാര്യർ ചോദിച്ചു.
സവർണ ബ്രാഹ്മണിക്കൽ പാർട്ടി എന്ന് പലരും ആക്ഷേപിക്കുന്ന ബിജെപി അധികാരത്തിലെത്തിയപ്പോൾ രാഷ്‌ട്രപതി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും അവരോധിച്ചത് ഒരു ദളിതനെയും ഒരു പിന്നോക്കക്കാരനെയുമാണ്. എന്നാൽ സിപിഎമ്മിന് അഖിലേന്ത്യ സെക്രട്ടറി ആവാൻ ആന്ധ്ര ബ്രാഹ്മണൻ സീതാറാം യെച്ചൂരി തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് , എല്ലാ പ്രതികൂലസാഹചര്യങ്ങളോടും പടവെട്ടി ഇന്ത്യയുടെ രാഷ്‌ട്രപതിയായ വ്യക്തിത്വം. നാമെല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകേണ്ടതില്ലെന്ന് കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് കൂടി തീരുമാനിച്ചത്രെ . ഒരു വിവാദത്തിനു ഒരു കാരണവശാലും ഇടവരുത്താൻ പാടില്ലായിരുന്ന കാര്യമാണ് രാഷ്‌ട്രപതി അപമാനിക്കപ്പെടുന്നതിലേക്ക് എത്തിയിരിക്കുന്നത് .
എന്തുകൊണ്ട് രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകേണ്ടെന്ന് കേരള സർവകലാശാല തീരുമാനിച്ചു എന്നതിനുത്തരം പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ എം കുഞ്ഞാമൻ എഴുതിയിട്ടുണ്ട് . അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂവിൽ മെറിറ്റ് അടിസ്ഥാനത്തിൽ ഒന്നാമത് എത്തിയിട്ടും ജനറൽ കാറ്റഗറി പോസ്റ്റ് ആണെന്ന് പറഞ്ഞ് ഒന്നാം റാങ്കുകാരനായ കുഞ്ഞാമൻ സാറിനു ദളിതനായിപ്പോയതിന്റെ പേരിൽ ജോലി നിഷേധിച്ച പാരമ്പര്യം പേറുന്ന യുണിവേഴ്‌സിറ്റിയാണത് .
ദളിതനായി പോയതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ് . ദളിതനായി പോയതിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടപ്പോൾ കേരള യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നിഷേധിച്ച കെആർ നാരായണൻ അൻപത് വര്ഷം കഴിഞ്ഞാണ് അത് കൈപ്പറ്റിയത് എന്നത് മറക്കരുത് . അന്നത്തെ ദളിത് വിരുദ്ധത ഇപ്പോഴും കേരള യൂണിവേഴ്‌സിറ്റിയിലുണ്ട്.
അന്ന് ദിവാനായിരുന്നെങ്കിൽ ഇപ്പോൾ മാർക്‌സിസ്‌റ് പാർട്ടിയാണ് ദളിത് വിരുദ്ധതക്ക് നേതൃത്വം നൽകുന്നതെന്നു മാത്രം . പല തവണ ബംഗാളിലും ത്രിപുരയിലും കേരളത്തിലുമൊക്കെ അവസരം ലഭിച്ചിട്ടും ഒരു ദളിതനെ പോലും മുഖ്യമന്ത്രിയാക്കാത്ത , പോളിറ്റ് ബ്യൂറോയുടെ ഏഴയലത്തു പോലും ദളിതനെ അടുപ്പിക്കാത്ത സിപിഎം , രാം നാഥ് കോവിന്ദ് എന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെ അവഹേളിച്ചതിൽ എന്ത് അത്ഭുതമാണുള്ളത്?
കഴിഞ്ഞ അറുപത്തഞ്ചു വർഷത്തെ കേരള ചരിത്രത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയിൽ എത്ര ദളിത് വൈസ് ചാന്‌സലർ ഉണ്ടായിട്ടുണ്ട് ? നമുക്കൊരു കണക്കെടുത്താലോ ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒരു ദളിത് വൈസ് ചാൻസലറെ നിയമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഭൂകമ്പം ഓർമയില്ലേ ?
ഇന്ത്യയുടെ രാഷ്‌ട്രപതി അവഹേളിക്കപ്പെട്ടതിനു ഒറ്റ കാരണമേ ഉള്ളു. അദ്ദേഹം ദളിതനായിപ്പോയി . സവർണ ബ്രാഹ്മണിക്കൽ പാർട്ടി എന്ന് പലരും ആക്ഷേപിക്കുന്ന ബിജെപി അധികാരത്തിലെത്തിയപ്പോൾ രാഷ്‌ട്രപതി സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും അവരോധിച്ചത് ഒരു ദലിതനെയും ഒരു പിന്നോക്കക്കാരനെയും . സിപിഎമ്മിന് അഖിലേന്ത്യ സെക്രട്ടറി ആവാൻ ആന്ധ്ര ബ്രാഹ്മണൻ സീതാറാം യെച്ചൂരി തന്നെ വേണം .
















Comments