ന്യൂഡൽഹി: ലൈസൻസ് പുതുക്കാത്ത 6000 എൻജിഒകൾക്ക് ആശ്വാസം പകർന്നുകൊണ്ട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) അവരുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) രജിസ്ട്രേഷൻ 2022 മാർച്ച് 31 വരെ നീട്ടി. ചില നിബന്ധനകൾ പാലിക്കുകയാണെങ്കിൽ എൻജിഒകളുടെ എഫ്സിആർഎ രജിസ്ട്രേഷന്റെ സാധുത 2022 മാർച്ച് വരെ നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കാൻ വിസമ്മതിച്ചതോടെ, നിഷേധിക്കപ്പെട്ട എൻജിഒകളുടെ എണ്ണം ഡിസംബർ 31ന് 6578 ൽ നിന്ന് 12,580 ആയി ഉയർന്നു.
പുതുക്കൽ അപേക്ഷകൾ നിരസിച്ച എൻജിഒകൾക്ക്, പുതുക്കാനുള്ള അപേക്ഷ നിരസിക്കുന്ന തീയതിയിൽ സർട്ടിഫിക്കറ്റിന്റെ സാധുത കാലഹരണപ്പെട്ടതായി കണക്കാക്കുമെന്ന് വിജ്ഞാപനത്തിൽ പരാമർശിക്കുന്നു. വിദേശ സംഭാവന സ്വീകരിക്കുന്നതിനോ സ്വീകരിച്ച വിദേശ സംഭാവന വിനിയോഗിക്കുന്നതിനോ അസോസിയേഷന് അർഹത ഉണ്ടായിരിക്കുന്നതല്ല. മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുതുക്കൽ നിരസിക്കുകയും ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതിനാൽ വിദേശ സംഭാവനകൾ സ്വീകരിക്കാനാവില്ല.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു), ജാമിയ മിലിയ ഇസ്ലാമിയ, ഐഐടി ഡൽഹി, ലേഡി ശ്രീറാം കോളേജ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ട്യൂബർകുലോസിസ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 5,789 സ്ഥാപനങ്ങളുടെ എഫ്സിആർഎ ലൈസൻസ് അതേ ദിവസം തന്നെ അഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ലെപ്രസി മിഷൻ, ഡൽഹി യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ലൈസൻസുകൾ അസാധുവാക്കി. ലൈസൻസ് ലഭിക്കുന്നതിന് അഭ്യന്തര മന്ത്രാലയം നൽകിയ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ 179 ഓളം പേർക്ക് എഫ്സിആർഎ രജിസ്ട്രേഷൻ നിഷേധിക്കപ്പെട്ടു.
FCRA 2010, FCRR 2011 എന്നിവയ്ക്ക് കീഴിലുള്ള യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഡിസംബർ 25ന് അഭ്യന്തര മന്ത്രാലയം മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസൻസ് പുതുക്കിയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ(എസ്ബിഐ) ബന്ധപ്പെട്ട് മിഷണറീസ് ഓഫ് ചാരിറ്റി അതിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് മമത ബാനർജി, ശശി തരൂർ, പി ചിദംബരം, ജയന്ത് ചൗധരി എന്നിവർ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
എന്താണ് എഫ്സിആർഎ നിയമം 2020?
വ്യക്തികളും അസോസിയേഷനുകളും കമ്പനികളും വിദേശ സംഭാവന സ്വീകരിക്കുന്നതും വിനിയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് 2020 സെപ്റ്റംബറിൽ പാർലമെന്റ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2020 പാസാക്കി. സംഭാവനകൾ അല്ലെങ്കിൽ ഏതെങ്കിലും കറൻസി, സെക്യൂരിറ്റി അല്ലെങ്കിൽ ആർട്ടിക്കിൾ എന്നിവയുടെ കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമാക്കി. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി എൻജിഒകളുടെ ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനെ പ്രതിപക്ഷം എതിർത്തിരുന്നു.
Comments