വാഷിംഗ്ടൺ: അഫ്ഗാനിൽ സേവനം അനുഷ്ഠിച്ചിരുന്ന മികച്ച വ്യോമസേനാ വൈമാനികരിൽ ഭൂരിഭാഗവും അമേരിക്കയിൽ സ്ഥിരതാമസമാക്കേണ്ട അവസ്ഥയിൽ. അമേരിക്കൻ സൈന്യത്തിനൊപ്പം കാബൂളിലും മറ്റ് പ്രവിശ്യകളിലും സേവനമനുഷ്ഠിച്ചിരുന്ന വൈമാനികരാണ് ജീവൻ പോകുമെന്നതിനാൽ നാട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ നിൽക്കുന്നത്. ഭൂരിഭാഗം പേർക്കും കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചിട്ടില്ലെന്ന കടുത്ത മാനസികാവസ്ഥയിലാണ് അഫ്ഗാൻ സൈനികർ.
നാട്ടിലേക്ക് പോകാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും താലിബാൻ ഭീകരരുടെ ഹിറ്റ് ലിസ്റ്റിലാണ് മുൻ സൈനികരെന്നും പൈലറ്റായ ബിലാൽ കോഹിസ്താനി പറഞ്ഞു. അഫ്ഗാൻ സ്‌പെഷ്യൽ മിഷൻ വിംഗെന്ന വ്യോമസേനാ വിഭാഗത്തിന്റെ ഭാഗമായിരുന്നു ബിലാൽ. വെർജീനിയയിലെ സൈനിക കേന്ദ്രമായ ഫോർട്ട് പിക്കെറ്റിൽ കഴിഞ്ഞ ആഗസ്റ്റിൽ എത്തിയശേഷം ഷിക്കാഗോയിലേക്ക് താമസം മാറിയിരിക്കുകയാണ് ബിലാൽ. എന്നാൽ തന്റെ ഭാര്യയും നാല് മക്കളും അമ്മയും സഹോദരിമാരും കാബൂളിലാണെന്നതാണ് ബിലാലിന്റെ പ്രതിസന്ധി.
അഫ്ഗാനിൽ നിലയുറപ്പിച്ചിരുന്ന കാലഘട്ടത്തിൽ നിരവധിപേരെ അമേരിക്കൻ സൈന്യം മികച്ച പൈലറ്റുമാരായി പരിശീലനം നൽകി കൂടെ നിർത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക ഹ്വാക് ഹെലികോപ്റ്ററുകളും എഫ്-16 യുദ്ധവിമാനങ്ങളുമടക്കം പറത്താൻ ശേഷിയുള്ള പൈലറ്റുമാരാണ് അഭയാർത്ഥി വിസയിൽ അമേരിക്കയിലെത്തിയത്. എന്നാൽ പലർക്കും കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചില്ലെന്നതാണ് നിലവിലെ പ്രതിസന്ധി.
















Comments