മുംബൈ: പീഡനക്കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്ത് വിടണമെന്ന് ബിഹാർ സ്വദേശിനി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകർ മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേൾക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തിയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2019 ജൂലൈയിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിഎൻഎ ടെസ്റ്റ് നടത്തിയത്. 17 മാസങ്ങൾക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീൽ ചെയ്ത കവറിൽ ഇത് കോടതിക്ക് കൈമാറി. ഈ ഫലം പുറത്ത് വിടണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും, ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ഡാൻസ് ബാർ നർത്തകി കൂടിയായ യുവതി പരാതി നൽകിയത്.
ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി. ബിനോയിയുടെ വീട്ടിലും യുവതി നിത്യസന്ദർശകയായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. ഇതിന് ശേഷമാണ് മുംബൈയിലേക്ക് വരുന്നത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ബിനോയ് മറുപടി നൽകിയില്ല. പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Comments