ഇസ്ലാമാബാദ്: ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയുമാണ് മുസ്ലീം സമൂഹത്തിന്റെ പ്രധാനപ്രശ്‌നമെന്ന് തുറന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.കഴിഞ്ഞ ദിവസം റിയാസത് ഐ മദീന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
മുസ്ലീം സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ കുത്തനെ കൂടിയെന്നും ബലാത്സംഗവും ബാലപീഡനവും അടക്കമുള്ള ക്രിമിനൽ കേസുകളിൽ ഒരു ശതമാനം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.മുസ്ലീം സമുദായത്തിലെ നിരവധി പണ്ഡിതരെ പങ്കെടുപ്പിച്ചായിരുന്നു പ്രഭാഷണ സംവാദ പരിപാടി നടത്തിയത്.
റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന 99 ശതമാനം തിന്മയ്‌ക്കെതിരെയാണ് സമൂഹം പോരാടേണ്ടതെന്നും അഴിമതി സംബന്ധിച്ചും ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.അഴിമതിയെ ഒരു തരത്തിലും മുസ്ലീം സമൂഹം അംഗീകരിക്കാത്ത തലത്തിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻറർനെറ്റിലെ അശ്ലീലത്തിൽ നിന്ന് മുങ്ങിപ്പോവുന്നതിൽ നിന്ന് മുസ്ലീം യുവാക്കളെ രക്ഷിക്കേണ്ടതിനേക്കുറിച്ചും പാക് പ്രധാനമന്ത്രി സംസാരിച്ചു.സമൂഹമാദ്ധ്യമങ്ങൾ മുഖേന യുവാക്കളുടെ വിശ്വാസത്തിലും മതപരവും ധാർമ്മികവുമായ മൂല്യങ്ങളിലുമുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്നതിനേക്കുറിച്ച് ഈ പരിപാടിയിൽ പണ്ഡിതർ സംസാരിച്ചിരുന്നു. ആധുനികത മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ചെറുക്കുന്നതിന് മുസ്ലിം രാജ്യങ്ങൾ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് സംവാദത്തിൽ പങ്കെടുത്ത പണ്ഡിതർ ചൂണ്ടിക്കാട്ടി.
















Comments