കോയമ്പത്തൂർ: ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനായി ഗർഭിണികൾക്ക് വേണ്ടി നടത്തുന്ന ചടങ്ങാണ് വളകാപ്പ്. കോയമ്പത്തൂരിലും കഴിഞ്ഞ ദിവസം ഗംഭീരമായൊരു വളകാപ്പ് ചടങ്ങ് നടന്നു.
വളക്കാപ്പ് നടത്തുന്നത് സാധാരണയാണെങ്കിലും ഈ വളകാപ്പ് നടത്തിയത് മനുഷ്യർക്ക് വേണ്ടിയല്ല. നല്ല അസ്സൽ പേർഷ്യൻ പൂച്ചകൾക്ക് വേണ്ടിയാണ്. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് ഈ കൗതുക സംഭവം അരങ്ങേറിയത്. വെങ്കിട്ടപ്പുരത്തെ ഉമാമഹേശ്വർ,ശുഭ മഹേശ്വർ ദമ്പതികളാണ് തങ്ങളുടെ അരുമ പൂച്ചകൾക്ക് വേണ്ടി വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
പേർഷ്യൻ പൂച്ചകളായ ഐരിഷിന്റെയും ഷീരയുടേയും വളകാപ്പ് ചടങ്ങാണ് ആഘോഷപൂർവം നടത്തിയത്.ഐരിഷിന് 14 മാസവും ഷീരയ്‌ക്ക് 9 മാസവുമാണ് പ്രായം. ഐരിഷ് 35 ദിവസവും ഷീര 50 ദിവസവും ഗർഭിണികളാണ്. 71 ദിവസത്തോളമാണ് ഗർഭകാലം.
ഗർഭിണികൾക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനായി നടത്തുന്ന ചടങ്ങിൽ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ പോഷകാഹാരങ്ങൾ നൽകി വളയണിയിക്കും. ഇതുപോലെ പൂച്ചകളെ അലങ്കരിച്ച് മധുരം നൽകി വളയണിയിച്ചായിരുന്നു ചടങ്ങ് നടത്തിയത്.
കോഴിയിറച്ചിയും മീനും പാലും ഉണക്കിയ പഴങ്ങളുമാണ് പൂച്ചകൾക്ക് നൽകിയത്. വെറ്റിനറി ഡോക്ടർ വേണുഗോപാലും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്വന്തം കുടുംബാംഗങ്ങളെ പോലെ വളർത്തുന്നത് കൊണ്ടാണ് പൂച്ചകൾക്ക് വളകാപ്പ് ചടങ്ങ് നടത്തിയതെന്ന് ദമ്പതികൾ പറഞ്ഞു.
















Comments