മുംബൈ: പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സ്വദേശിനി നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകർ മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടു. തുടർന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഫെബ്രുവരി 10ന് കേസ് വീണ്ടും പരിഗണിക്കും. ഡിഎൻഎ ഫലം വൈകിയപ്പോഴാണു യുവതി കഴിഞ്ഞ ഡിസംബർ മൂന്നിന് കോടതിയിൽ അപേക്ഷ നൽകിയത്.
കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകരുതെന്നും, ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയുമെന്നും യുവതി നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് രണ്ടര വർഷം മുൻപ് ബോംബേ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2019 ജൂലൈ 30ന് ബൈക്കുള ജെ.ജെ ആശുപത്രിയിൽ ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ 17 മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം പുറത്ത് വന്നത്. ഈ ഫലം പുറത്ത് വിടണമെന്നാണ് യുവതിയുടെ ആവശ്യം.
ബിഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
















Comments