പാലക്കാട്: ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ് സ്വന്തം വീട്ടിലേക്ക് സഞ്ചരിക്കാൻ നല്ലൊരു വഴി വേണമെന്നത്. എന്നാൽ പതിറ്റാണ്ടുകളായി നല്ല വഴിയോ പാലമോ ഇല്ലാത്തതിനാൽ ദുരിത ജീവിതം നയിക്കുകയാണ് മലമ്പുഴ വെള്ളെഴുത്താം പൊറ്റയിലെ വനവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾ.
കഴിഞ്ഞ പ്രളയത്തിൽ കടപുഴകി വീണ ഒരു മരമാണ് മലമ്പുഴ വെളെളഴുത്താം പൊറ്റയിലെ നിരവധി ജനങ്ങളുടെ പാലം. അടിയൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്. എങ്കിലും ഇതല്ലാതെ ജോലിക്കും, ആശുപത്രിക്കും ഉൾപ്പെടെ പോവാൻ മറ്റു മാർഗ്ഗമില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ വഴിയാണ്. മഴക്കാലമായാൽ ഇതുവഴിയുള്ള യാത്ര വളരെ ക്ലേശമാണ്.
‘മഴക്കാലത്ത് പുഴ കടക്കാൻ സാധിക്കില്ല. അസുഖം ബാധിച്ചാൽ ഒന്ന് അക്കരെ കടക്കാൻ പാടാണ്. ഫോറസ്റ്റുകാർ ഞങ്ങൾക്ക് വഴി തരില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഫോറസ്റ്റുകാർ വഴി തന്നാൽ മാത്രമാണ് കൂപ്പിലൂടെ വരാൻ സാധിക്കുന്നത്. രാത്രി മൃഗങ്ങൾ ഇറങ്ങുന്നത് കൊണ്ടു തന്നെ യാത്ര വളരെ ദുഷ്‌കരമാണ്. ആപത്ത് വരുമ്പോൾ ഫോറസ്റ്റുകാർ കൂപ്പിലൂടെ പോകാൻ താക്കോൽ തരണം, ഇല്ലെങ്കിൽ ഇവിടെ കിടന്ന് മരിക്കുകയാണ് ഞങ്ങളുടെ വിധി’ പ്രദേശവാസികൾ പറയുന്നു.
ഏകദേശം 15ഓളം കോളനികളാണ് ഇവിടെയുള്ളത്. എല്ലാവർക്കും കൂടി സഞ്ചരിക്കാൻ ഒരു വള്ളം പോലുമില്ല. ആരോഗ്യ പ്രശ്‌നം നേരിട്ടാൽ അതൊന്നുവന്ന് പരിശോധിക്കാൻ ഒരു മനുഷ്യനുമില്ല. സർക്കാരിന്റെ ഭൂമിയാണ്. എന്നാൽ ഒരാളും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.
2017-18 ബജറ്റിൽ തെക്കേ മലമ്പുഴയേയും, വെള്ളഴുത്താം പൊറ്റയേയും ബന്ധിപ്പിക്കുന്ന റിംഗ് റോഡിന് സർക്കാർ 10 കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാൽ പദ്ധതി എങ്ങും എത്തിയിട്ടില്ല. ഇപ്പോഴും പ്രദേശവാസികളുടെ ദുരിതം തുടരുന്നു. ഏത് നിമിഷവും അപകടം വന്നുഭവിക്കാവുന്ന പാതയിലൂടെയാണ് പ്രദേശവാസികൾ ഇന്നും കടന്നുപോകുന്നത്. അധികൃതർ ഉപേക്ഷിച്ചമട്ടിലാണ് ഇവിടുത്തെ ഒരു കൂട്ടം മനുഷ്യർ.
















Comments