റാഞ്ചി: മുൻ ബിജെപി എംഎൽഎയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം.ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.മുൻ ബിജെപി എംഎൽഎയായിരുന്ന ഗുരുചരൺ നായിക്കിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരെ ഭീകരർ തലയറുത്ത് കൊലപ്പെടുത്തി.
പൊതുപരിപാടിക്കിടെയാണ് ഈ ഞെട്ടിക്കുന്ന ക്രൂരത.ആക്രമണത്തിൽ ഗുരുചരണിന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസുകാരായ ശങ്കർ നായ്‌ക്കിനും താക്കൂർ ഹെംബ്രോമിനുമാണ് ജീവൻ നഷ്ടപ്പെട്ടത്.ഏട്ടുമുട്ടലിനിടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന രാംകുമാർ ടുഡു എന്ന പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു.
ഉദ്യോഗസ്ഥരിൽ നിന്ന് ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തു. ഒരു എകെ 47 നും കുറച്ച് വെടിയുണ്ടകളും രണ്ട് ഇൻസാസ് റൈഫിളുകളുമാണ് തട്ടിയെടുത്തത്.രണ്ടരമണിക്കൂറിന് ശേഷമാണ് ഭീകരർ പ്രദേശം വിട്ട് പോയത്.
ജില്ലയിലെ ഹൈസ്‌കൂളിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഫുട്‌ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങ് നടക്കുന്നതിനിടെ പൊതുജനങ്ങളുടെ ഇടയിൽ നിലയുറപ്പിച്ച ഭീകരർ ആക്രമണം നടത്തുകയായിരുന്നു.20-30 വരെ ഭീകരർ ഉണ്ടായിരുന്നതായാണ് വിവരം.ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Comments