കണ്ണൂർ: രാജ്യവിരുദ്ധ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ താക്കീതുമായി ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ആർ.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ആർ.എസ്.എസ് സ്വീകരിക്കുകയാണെന്ന് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. ഭീകരവാദത്തിനും സർക്കാരിന്റെ പ്രീണന നയത്തിനുമെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും സമുദായത്തിന് എതിരായിട്ടുളള നീക്കമല്ല ഈ പ്രകടനം. ജനാധിപത്യ പരമായ പ്രകടനമാണ് നടത്തുന്നത്. മുസ്ലീം സമുദായം ഇതുവരെ ആർഎസ്എസിനോട് പോരിന് വന്നിട്ടില്ല, ഞങ്ങളോട് പോരിന് വന്നത് പോപ്പുലർ ഫ്രണ്ടാണ്. മുസ്ലീം സമുദായം ശക്തമായ വിമർശനം ആർഎസ്എസിനെതിരെ നടത്തുന്നുണ്ട്. പക്ഷെ ശാരീരികമായ ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞ 50 വർഷത്തിലധികമായി കേരളത്തിൽ ആർഎസ്എസും മുസ്ലീം സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സാമുദായിക സംഘർഷം തകർക്കുന്ന ഒരു സമീപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഈ അന്തരീക്ഷത്തിന് മാറ്റം വന്നത് പോപ്പുലർ ഫ്രണ്ട് വന്നതോടെയാണ്. നേരത്തെ എൻഡിഎഫ് ആയിരുന്നു വെല്ലുവിളി ഉയർത്തിയിരുന്നതെന്നും എസ്ഡിപിഐയും ഇതേ ഗണത്തിലാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ആർഎസ്എസിനെ പരസ്യമായി വെല്ലുവിളിച്ച് പ്രകടനം നടത്തുന്നു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെ പേര് വിളിച്ചു പറഞ്ഞ് വെല്ലുവിളിച്ചിട്ടും പോലീസ് കേസെടുക്കാൻ തുനിഞ്ഞില്ല. ആരെങ്കിലും ഒരു പൊതുയോഗത്തിൽ വെല്ലുവിളി നടത്തിയാൽ തിരിച്ച് വെല്ലുവിളിക്കുക എന്നത് ഞങ്ങളുടെ ശൈലിയോ സമീപനമോ അല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ അവഗണിച്ച് തളളുകയാണ് ഇതുവരെ ചെയ്തത്.
വെല്ലുവിളികൾ ഞങ്ങൾ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോൾ തുടർച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തളളിക്കൊണ്ടിരിക്കുകയാണ്. സർക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലർ ഫ്രണ്ടിനെ അടക്കാൻ സർക്കാരിന് ആകുന്നില്ലെങ്കിൽ അവരെ അടക്കാൻ ദേശീയ പ്രസ്ഥാനങ്ങൾക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
കലാപം ഉണ്ടാക്കാനും ചോരപ്പുഴയൊഴുക്കാനും നിരപരാധികളെ കൊന്നൊടുക്കാനും ചിലർ കച്ചകെട്ടി ഇറങ്ങുമ്പോൾ അതിനെതിരെ പ്രതിരോധിക്കേണ്ടി വരുമെന്നും പ്രതിഷേധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ട് എണ്ണം പറഞ്ഞ ലക്ഷണമൊത്ത രാജ്യവിരുദ്ധ പ്രസ്ഥാനമാണ്. രാജ്യതാൽപര്യത്തിന് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയെയും സൈന്യത്തെയും പോലീസിനെയും അവർ വെല്ലുവിളിക്കുകയാണ്. നാടിനെ താലിബാനാക്കി മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധവുമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
ആരാണോ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നത് ആരാണോ ഞങ്ങൾക്ക് എതിരായി വരുന്നത് അത്തരം ആളുകളോട് മാത്രമാണ് ഞങ്ങൾക്ക് പ്രശ്‌നം. മതത്തിന്റെ ചിഹ്നങ്ങളും ഭാഷയും മതഗ്രന്ഥങ്ങളിൽ നിന്നുളള സൂക്തങ്ങളും ഉപയോഗിച്ച് പലപ്പോഴും മതപരമായ ചില കാര്യങ്ങളുടെ പരിച ഉപയോഗിച്ച് അവർ രക്ഷപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് സംസ്ഥാനത്തുടനീളം നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തത്.

















Comments