സോൾ ; രാജ്യത്ത് വിവിധ തരത്തിലുള്ള ശിക്ഷകൾ നടപ്പിലാക്കിക്കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്വേച്ഛാധിപതിയാണ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. തനിക്കെതിരെ സംസാരിക്കുന്നവരെ തടവിലടയ്‌ക്കുക, കൊറോണ ബാധിച്ചവരെ വെടിവെച്ച് കൊല്ലുക, എന്നിങ്ങനെ വിചിത്രമായ ശിക്ഷാ രീതിയാണ് ഉത്തര കൊറിയയിൽ കിം നടപ്പിലാക്കുന്നത്. ഇതിലും അതിവിചിത്രമായ അന്വേഷണ രീതി പുറത്തിറക്കിക്കൊണ്ട് വീണ്ടും നവമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് കിം ജോങ് ഉൻ.
കിമ്മിനെതിരെ ചുമരിൽ അസഭ്യമെഴുതിയയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് രാജ്യമിപ്പോൾ. ഉത്തരകൊറിയൻ തലസ്ഥാനം ഉൾപ്പെടുന്ന പ്യൊങ്ചൻ ജില്ലയിലെ ഒരു അപ്പാർട്ട്‌മെൻറിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡിസംബർ 22 ന് ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഇത്.
ഇത് വിവാദമാകുമെന്ന് മനസിലായതോടെ അധികൃതർ ചുവരെഴുത്ത് മായിച്ചു കളഞ്ഞു. എന്നാൽ ഇക്കാര്യം കിം അറിഞ്ഞതോടെ ഇത് എഴുതിയയാളെ കണ്ടുപിടിക്കണമെന്നായി. എഴുതിയ ആളെ കണ്ടെത്താൻ നഗരവാസികളുടെ മുഴുവൻ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയൻ സുരക്ഷ വിഭാഗം. എഴുതിയവരെ കണ്ടെത്താൻ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിദ്യാർത്ഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ കയ്യക്ഷരം പരിശോധിക്കുകയാണ് എന്ന് ഉത്തരകൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിട്ടുണ്ട്.
















Comments