തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സർവീസിൽ തിരികെ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെ സസ്‌പെൻഷനിലായിരുന്നു ശിവശങ്കർ. 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ ശിവശങ്കറിനെ തിരികെയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പിണറായി സർക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് സസ്‌പെൻഷൻ പിൻവലിച്ച ഓർഡർ ശിവശങ്കർ നേരിട്ടെത്തി കൈപ്പറ്റിയത്.
ഒരു വർഷവും അഞ്ച് മാസവും നീണ്ട സസ്പെൻഷനൊടുവിലാണ് ശിവശങ്കർ തിരികെ സർവീസിൽ പ്രവേശിക്കുന്നത്. സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം ശിവശങ്കറിന്റെ പുതിയ തസ്തിക സംബന്ധിച്ച് സർക്കാർ ഉടൻ വ്യക്തത വരുത്തും. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാർശയിന്മേലായിരുന്നു ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചത്. തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ പുറത്തിറക്കി. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സർവീസ് കാലാവധി.
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളുമായുള്ള അടുത്ത ബന്ധം പുറത്തുവന്നതോടെയാണ് എം. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്‌സ്‌മെൻറും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമായിരുന്നു ശിവശങ്കറിനെ പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ 98 ദിവസം ജയിലിൽ കിടക്കേണ്ടി വന്നതിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്.
Comments