വിദ്യാസമ്പന്നതയും ലിംഗസമത്വവും നവോത്ഥാനവും തങ്ങളുടെ മാത്രം കുത്തകയാണെന്ന ബോധ്യം പേറുന്നവരാണ് മലയാളികൾ. എന്നാൽ ഈ ബോധ്യം അവകാശപ്പെടാൻ സാക്ഷര കേരളത്തിന് അവകാശമുണ്ടോയെന്ന ചോദ്യം ഉയർത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ദേശീയ ആരോഗ്യ സർവ്വേയിലെ കണ്ടെത്തലുകൾ. നമ്മുടെ സമൂഹം നേടിയെടുത്തെന്ന് ഊറ്റം കൊള്ളുന്ന പലവസ്തുതകളും വീമ്പ് പറച്ചിലുകളാണെന്ന് അടിവരയിടുന്നതാണ് സർവ്വെയിലെ പല കണ്ടെത്തലുകളും.
ഭാര്യമാർക്കിട്ട് രണ്ടെണ്ണം കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നവരാണ് മലയാളി പുരുഷൻമാരിൽ ഏറിയ പങ്കുമെന്ന് സർവ്വേ പറയുന്നു. സോ കാൾഡ് നവോത്ഥാനം നമ്മൾ എത്രത്തോളം നേടിയെന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഉറപ്പിക്കുന്നതാണ് സർവ്വേയിലെ പല കണ്ടെത്തലുകളും…..
18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ദേശീയ ആരോഗ്യ സർവ്വേ നടത്തിയത്. ഇതിൽ നമ്മുടെ സാക്ഷര കേരളത്തിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഏറെ കൗതുകകരവും ചിന്തിപ്പിക്കുന്നതും. മലയാളി ഭാര്യമാർക്ക് ഭർത്താവിനെ പേടിയാണെന്നും പ്രത്യേക സാഹചര്യങ്ങളിൽ ഭാര്യമാരെ തല്ലാമെന്ന് 62 ശതമാനം മലയാളി പുരുഷൻ കരുതുന്നവെന്നും സർവ്വേ കണ്ടെത്തിയിരിക്കുന്നു. 23 ശതമാനം മലയാളി സ്ത്രീകൾക്കും മിക്കവാറും സമയം ഭർത്താക്കൻമാരോട് പേടി തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുന്നു. സർക്കാർ ജോലിക്കാരും ഉന്നത വിദ്യാഭ്യാസം നേടിയവരുമായ സ്ത്രീകളടക്കം ഈ അഭിപ്രായം പങ്കുവെച്ചുവെന്നതാണ് ശ്രദ്ധേയം.
17 ശതമാനം സ്ത്രീകളും പ്രത്യേക സന്ദർഭങ്ങളിൽ പങ്കാളിയോട് പേടി തോന്നിയിട്ടുള്ളവരാണ്. 6.8 ശതമാനം സ്ത്രീകൾ മാത്രമാണ് ഭർത്താക്കൻമാരെ പേടിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടത്. ചില പ്രത്യേക സാഹചര്യങ്ങളിൽ തങ്ങളെ ഭർത്താക്കൻമാർ മർദ്ദിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായക്കാരാണ് 52 ശതമാനം സ്ത്രീകളുമെന്നതാണ് മറ്റൊരു കൗതുകം. ഭർത്താവിന്റെ മാതാപിതാക്കളോട് ബഹുമാനക്കുറവ് കാണിച്ചാൽ ഭാര്യമാരെ തല്ലാമെന്നാണ് 38 ശതമാനം സ്ത്രീകളുടേയും അഭിപ്രായം. കുട്ടികളേയോ വീട്ടുകാര്യമോ നോക്കാതിരുന്നാൽ തല്ലാമെന്ന് 33 ശതമാനവും, വിശ്വാസ വഞ്ചന കാണിച്ചാൽ തല്ലാമെന്ന് 27 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടു.
ചില പ്രത്യേക സാഹചര്യങ്ങളിൽ ഭാര്യമാരെ തല്ലാമെന്നാണ് 62 ശതമാനം പുരുഷൻമാരുടേയും അഭിപ്രായം. ഭാര്യ വിശ്വാസ വഞ്ചന കാണിച്ചാൽ മർദ്ദിക്കാമെന്ന് 47 ശതമാനം മലയാളി ഭർത്താക്കൻമാരും, ഭർതൃമാതാപിതാക്കളെ ബഹുമാനിക്കാതിരുന്നാൽ തല്ലാമെന്ന് 40 ശതമാനവും, കുട്ടികളെയും വീട്ടുകാര്യങ്ങളും നോക്കാതിരുന്നാൽ തല്ലാമെന്ന് 34 ശതമാനം പുരുഷൻമാരും അഭിപ്രായപ്പെട്ടു. ഭർത്താക്കൻമാരുമായി തർക്കിക്കുന്ന ഭാര്യമാരെ തല്ലാമെന്നാണ് കേരളത്തിലെ 20 ശതമാനം പുരുഷൻമാരുടേയും അഭിപ്രായം.
ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഭാര്യ നിഷേധിക്കുകയാണെങ്കിൽ ഭാര്യയെ തല്ലാമെന്ന് അഭിപ്രായപ്പെട്ടത് 25 ശതമാനം മലയാളി പുരുഷൻമാരാണ്. ലൈംഗിക ബന്ധം നിഷേധിക്കുകയാണെങ്കിൽ ഭാര്യയ്‌ക്കുള്ള സാമ്പത്തിക സഹായം നിഷേധിക്കാമന്ന് 11.9 ശതമാനവും ബലംപ്രയോഗിച്ച് ബന്ധം തുടരാമെന്ന് 9.2 ശതമാനവും, ഭാര്യ നിഷേധിക്കുകയാണെങ്കിൽ പരസ്ത്രീ ബന്ധമാവാമെന്ന് 13.4 ശതമാനം പുരുഷൻമാരും, അഭിപ്രായപ്പെട്ടു.
ശാരീരികമോ ലൈംഗികമോ ആയ അക്രമം ഏറ്റുവാങ്ങിയ സ്ത്രീകളിൽ 57 ശതമാനവും ഈ വിഷയം ആരോടും പറഞ്ഞിട്ടുമില്ലെന്നും സഹായവും തേടിയിട്ടില്ലെന്നുമാണ് കണക്കുകൾ പറയയുന്നത്. പുതുതായി പുറത്തിറങ്ങിയ 2019-20 ദേശീയ ആരോഗ്യ സർവേയിലാണ് ഈ ഞെട്ടിക്കുന്ന് വിവരങ്ങൾ ഉള്ളത്. കേരളത്തിലെ 11 ശതമാനം സ്ത്രീകളും ഭർത്താക്കൻമാരിൽ നിന്ന് ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളിലേതെങ്കിലും നേരിട്ടിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ സർവേ വ്യക്തമാക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും ഉയർന്ന സാമ്പത്തിക ഭദ്രതയും ഉള്ള കുടുംബങ്ങളിൽപോലും സ്ത്രീ സമൂഹം സുരക്ഷിതരല്ലെന്ന വസ്തുത കൂടി വെളിച്ചത്തുവരുന്നതാണ് സർവ്വേയിലെ കണ്ടെത്തലുകൾ.















Comments