ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണത്തിലെ വീഴ്‌ച്ച അന്വേഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും. ഇതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറി സുധീർ കുമാർ സക്‌സേനയുടെ നേതൃത്വത്തിലാകും അന്വേഷണം. ഇന്റലിജൻസ് ബ്യൂറോ ജോയിന്റ് ഡയറക്ടർ ബൽബിർ സിംഗും എസ്പിജി ഐജി എസ് സുരേഷും അന്വേഷണ സംഘത്തിലുണ്ട്.
ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുങ്ങളിൽ വരുത്തിയ വീഴ്‌ച്ചകൾ സംഘം വിലയിരുത്തും. അതേസമയം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശന വേളയിൽ സുരക്ഷ ശക്തമാക്കാൻ പോലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. 1, 2, 4 തീയതികളിൽ പഞ്ചാബ് പോലീസിന് മുന്നറിയിപ്പ് നൽകിയ തെളിവാണ് പുറത്തുവന്നത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സുരക്ഷയിൽ വീഴ്‌ച്ച വരുത്തിയതിൽ കോൺഗ്രസ് സർക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ അവകാശവാദം.
ബുധനാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദർശിച്ചത്. ഇതിനിടെ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.
Comments