കോട്ടയം: മെഡിക്കൽ കോളേജിൽ നിന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് കസ്റ്റഡിയിലായിരിക്കുന്നത്. കുഞ്ഞിനെ മോഷ്ടിച്ച നീതുവിന് സഹായം ചെയ്ത് നൽകിയത് ഇബ്രാഹിം ബാദുഷയാണ്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ മോഷണം പോയതിന് പിന്നാലെ മെഡിക്കൽ കോളേജിന്റെ സുരക്ഷ കൂട്ടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. ആവശ്യമെങ്കിൽ സിസിടിവി ക്യാമറകളുടെ എണ്ണം കൂട്ടാനും ആരോഗ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റില്ലെന്ന് പോലീസ് അറിയിച്ചു. വ്യക്തിപരമായ ആവശ്യത്തിനാണ് യുവതി കുഞ്ഞിനെ മോഷ്ടിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സയുടെ ആവശ്യത്തിനെന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
















Comments