ജോഹന്നാസ്ബർഗ്: ടെസ്റ്റ് മത്സരങ്ങളിൽ കാണിക്കേണ്ട ജാഗ്രതക്കുറവിന് ഇനി ഇന്ത്യക്ക് സ്വയം പഴിക്കാം. 7 വിക്കറ്റിനാണ് പ്രോട്ടീസ് നിര ഇന്ത്യൻ ബൗളിംഗിനെ നിഷ്പ്രഭമാക്കി പരമ്പരയിൽ 1-1ന് സമനില പിടിച്ചത്. മുന്നിൽ നിന്ന് നയിച്ച നായകൻ ഡീൻ എൽഗറിനാണ് വിജയത്തിന്റെ ക്രെഡിറ്റ്. 188 പന്തിൽ 96 റൺസുമായി മാതൃകാപരമായ ബാറ്റിംഗാണ് എൽഗർ കാഴ്ചവെച്ചത്. വാൻഡെർസാർ 40 റൺസെടുത്തപ്പോൾ മുൻ നായകൻ തേംബാ ബാവുമാ 23 റൺസുമായി പുറത്താകാതെ നിന്നു. 3 വിക്കറ്റിന് 243 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്. ഇതോടെ മൂന്നാമത്തെ ടെസ്റ്റ് നിർണ്ണായകമായി. ഇതുവരെ തോൽവി അറിയാത്ത ജോഹന്നാസ്ബർഗിലാണ് ദക്ഷിണാഫ്രിക്ക അനായാസം രണ്ടാം ടെസ്റ്റ് കൈപ്പിടിയിലാക്കിയത്.
രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയെ 266 റൺസിൽ പുറത്താക്കിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സിൽ പറ്റിയ എല്ലാ പിഴവുകൾക്കും ബാറ്റ്‌കൊണ്ട് കണക്കുതീർത്തു. 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ആതിഥേയർ ജയിക്കാൻ വേണ്ട റൺസ് നേടിയത്. മഴ, കളി വൈകിച്ച നാലാം ദിനത്തിൽ തന്നെ രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തം പേരിലാക്കി. കുറഞ്ഞ സ്‌കോറിൽ ഇന്ത്യ പുറത്തായതിന്റെ മുഴുവൻ ഉത്തരവാദിത്വം മദ്ധ്യനിരയിൽ ആരോപി ക്കുകയാണ് മാനേജ്‌മെന്റ്. പന്തിനെ പ്രത്യേകം വിളിച്ച് പരിശീലകനായ രാഹുൽ ദ്രാവിഡ് സംസാരിച്ചെന്നാണ് വിവരം.
പൂജാരയും രഹാനേയും ഹനുമാ വിഹാരിയും കാണിച്ച ക്ഷമ ഋഷഭ്പന്ത് കാണിക്കാതിരുന്നത് ഏറെ ഗൗരവത്തിലാണ് മാനേജ്‌മെന്റ് വിലയിരുത്തിയത്. മോശം ഷോട്ടാണ് ഋഷഭ് കളിച്ച തെന്നും ഹനുമാ വിഹാരിക്ക് നൽകേണ്ട പിന്തുണ നൽകിയില്ലെന്നുമാണ് ആരോപണം. നേരിട്ട മൂന്നാം പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പൂജ്യത്തിന് പുറത്തായത്. നൂറിനടുത്ത് റൺസുകൂടി സ്‌കോർ ചെയ്യേണ്ട മത്സരമാണ് അതോടെ തകിടം മറിഞ്ഞ തെന്നാണ് വിലയിരുത്തൽ. സ്ഥിരം ബാറ്റ്‌സ്മാനല്ലാത്ത അശ്വിനും പുറത്തായശേഷം ഷാർദ്ദൂലിന്റെ 28 റൺസുകൂടി ഇല്ലായിരുന്നെങ്കിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
സെഞ്ചൂറിയനിൽ 8,34 എന്നീ നിലയിൽ മോശം പ്രകടനം നടത്തിയ പന്ത് ജോഹന്നാസ് ബർഗിൽ 17 റൺസിനും പൂജ്യത്തിനുമാണ് പുറത്തായത്. പന്തിനെതിരെ മുൻ സീനിയർ താരങ്ങൾ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ധീരതയും വിഡ്ഢിത്തവും തമ്മിൽ നേരിയ വ്യത്യാസമേയുള്ളുവെന്നും ടെസ്റ്റ് മത്സരമാണിതെന്ന് മറക്കരുതെന്നും ഗൗതംഗംഭീർ വിമർശിച്ചു. ഗൗരവത്തോടെ കളിക്കേണ്ടിടത്ത് സ്വതസിദ്ധമായ ശൈലിയെന്ന മണ്ടത്തരം വിളംബരുതെന്നാണ് ഗവാസ്‌ക്കർ വിമർശിച്ചത്.
















Comments