കൊച്ചി: പുതിയ എഴുത്തുകാർക്ക് വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ ‘യു പദ്ധതി’ മോദി ദാസന്മാരെ സൃഷ്ടിക്കാനാണെന്ന നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നു. ഭരിക്കുന്നവർക്ക് വേണ്ടി ശബ്ദമുയർത്താൻ എഴുത്തുകാരില്ലെന്ന ബോധ്യത്തിലാണ് 50,000 രൂപ കൊടുത്ത് യുവകലാകാരന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇയാളുടെ പ്രധാന വിമർശനം. പ്രതികരിക്കുന്നവരെ ഇല്ലാതാക്കിയപ്പോൾ അതിൽ പ്രതിഷേധം രേഖപ്പെടുത്താൻ ഒട്ടേറെ എഴുത്തുകാർ രംഗത്ത് വന്നു. ഭരണകൂടത്തിന് വേണ്ടി ശബ്ദമുയർത്തുന്ന എഴുത്തുകാർ വേണമെന്നതിനാലാണ് ‘യുവ പദ്ധതി’ നടപ്പാക്കുന്നതെന്നുമായിരുന്നു’ ഒരു അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കവെ സുഭാഷ് ചന്ദ്രൻ പറഞ്ഞത്. എന്നാൽ ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമാവുകയാണ്. ഇടതുസർക്കാരിന്റെ കളിപ്പാവകൾ കേന്ദ്രസർക്കാരിന്റേയും പ്രധാനമന്ത്രിയുടേയും ജനപ്രിയ പദ്ധതികളെ എക്കാലത്തും വിമർശിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
സിപിഎമ്മും അവരുടെ സംഘടനകളുമാണ് എഴുത്തുകാരെ വില കൊടുത്ത് വാങ്ങുന്നതെന്നും, സർക്കാരിന്റെ ഏത് തോന്ന്യവാസത്തേയും പുകഴ്‌ത്തി സംസാരിക്കാൻ വേണ്ടി കാവൽ നിർത്തിയിരിക്കുന്ന ഇക്കൂട്ടർക്ക് ഇങ്ങനെ പറയുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും വിമർശനമുണ്ട്. സ്വന്തം അഭിപ്രായങ്ങളെ പോലും കൊന്ന് ജീവിക്കാനാണ് പിണറായി സർക്കാർ ഇക്കൂട്ടരെ ശീലിപ്പിച്ചിരിക്കുന്നതെന്നും, യജമാനന്റെ കാല് നക്കി ഇരിക്കാൻ മാത്രമാണ് ഇവർക്ക് അറിയുകയെന്നുമാണ് മറ്റൊരു വിമർശനം. സുഭാഷ് ചന്ദ്രന് കൃത്യമായ മറുപടി കൊടുത്തുകൊണ്ടുള്ള മാദ്ധ്യമപ്രവർത്തകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. സുഭാഷ്ചന്ദ്രൻ തപസ്യയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുള്ള ആളാണെന്നും, എന്നിട്ടും അദ്ദേഹം തപസ്യയുടെ ദാസനായില്ലെന്നും കുറിപ്പിൽ പറയുന്നു.
സുഭാഷ്ചന്ദ്രൻ മാത്രമല്ല, തപസ്യയുടെ പുരസ്‌കാരങ്ങളേറ്റുവാങ്ങിയവരാരും ആ സംഘടനയുടെ ദാസരായിട്ടില്ല. തപസ്യ എന്ന് മാത്രമല്ല, കേരളത്തിലെയും രാജ്യത്തെയും അന്തസ്സുള്ള ഒരു സ്ഥാപനവും സംഘടനയും അവർഡ് നൽകി എഴുത്തുകാരെ ദാസരാക്കുന്നു എന്ന ധാരണ ആർക്കുമുണ്ടാവാനിടയില്ല. ഇടത് പാർട്ടികൾ, അവർ അട്ടിപ്പേറവകാശം പുലർത്തുന്ന അക്കാദമികളും സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് അങ്ങനെ ചില ദാസന്മാരെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ പൊതുവെ കേരളത്തിലെ കലാ, സാഹിത്യ പ്രതിഭകളെല്ലാം അന്തസ്സോടെ തൻകാലിൽ നിൽക്കുന്നവരും സ്വന്തം അഭിപ്രായങ്ങൾ സ്വതന്ത്രമായി വിളിച്ചു പറയുന്നവരുമാണ്. എന്നിട്ടും എന്തിനാണ് സുഭാഷ്ചന്ദ്രൻ നരേന്ദ്രമോദി സർക്കാർ യുവ സാഹിത്യപ്രതിഭകൾക്കായി ഏർപ്പെടുത്തിയ പ്രോത്സാഹനപദ്ധതിക്കെതിരെ വാളെടുക്കുന്നത്? ‘മോദിദാസന്മാരെ സൃഷ്ടിക്കാനാണ് യുവപ്രതിഭാ പുരസ്‌കാര’മെന്ന വെളിപാട് സുഭാഷ്ചന്ദ്രന് ഉണ്ടാകുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം എന്താണ്? എന്നും കുറിപ്പിൽ ചോദിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം,
ദാസന്മാർക്ക് ഒരു ആമുഖം
സുഭാഷ്ചന്ദ്രൻ യുവാവ് ആയിരിക്കുമ്പോഴാണ് തപസ്യയുടെ പുരസ്‌കാരം അദ്ദേഹത്തിന് നൽകിയത്. യുവ എഴുത്തുകാർക്ക് തപസ്യ ഏർപ്പെടുത്തിയ ദുർഗാദത്തപുരസ്‌കാരം ആദ്യമായി ഏറ്റുവാങ്ങിയത് അദ്ദേഹമാണ്. തപസ്യയുടെ യുവ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടും അദ്ദേഹം തപസ്യയുടെ ദാസനായില്ല. സുഭാഷ്ചന്ദ്രൻ മാത്രമല്ല, തപസ്യയുടെ പുരസ്‌കാരങ്ങളേറ്റുവാങ്ങിയവരാരും ആ സംഘടനയുടെ ദാസരായില്ല. ആരെയെങ്കിലും ദാസരാക്കിക്കളയാം എന്ന മോഹത്തിലല്ല തപസ്യ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുകയും അത് നൻകുകയും ചെയ്യുന്നത്. എഴുത്തിലെ പ്രതിഭയും പ്രതിബദ്ധതയുമാണ് ആകെയുള്ള മാനദണ്ഡം. അവാർഡ് വാങ്ങി ദാസരാകാൻ വെമ്പി നിൽക്കുന്നവരാണ് കേരളത്തിലെ എഴുത്തുകാർ എന്ന മൂഢധാരണ തപസ്യക്കില്ല താനും.
തപസ്യ എന്ന് മാത്രമല്ല, കേരളത്തിലെയും രാജ്യത്തെയും അന്തസ്സുള്ള ഒരു സ്ഥാപനവും സംഘടനയും അവർഡ് നൽകി എഴുത്തുകാരെ ദാസരാക്കുന്നു എന്ന ധാരണ ആർക്കുമുണ്ടാവാനിടയില്ല. ഇടത് പാർട്ടികൾ, അവർ അട്ടിപ്പേറവകാശം പുലർത്തുന്ന അക്കാദമിളും സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് അങ്ങനെ ചില ദാസന്മാരെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ പൊതുവെ കേരളത്തിലെ കലാ, സാഹിത്യ പ്രതിഭകളെല്ലാം അന്തസ്സോടെ തൻകാലിൽ നിൽക്കുന്നവരും സ്വന്തം അഭിപ്രായങ്ങൾ സ്വതന്ത്രമായി വിളിച്ചു പറയുന്നവരുമാണ്. എന്നിട്ടും എന്തിനാണ് സുഭാഷ്ചന്ദ്രൻ നരേന്ദ്രമോദി സർക്കാർ യുവ സാഹിത്യപ്രതിഭകൾക്കായി ഏർപ്പെടുത്തിയ പ്രോത്സാഹനപദ്ധതിക്കെതിരെ വാളെടുക്കുന്നത്? ‘മോദിദാസന്മാരെ സൃഷ്ടിക്കാനാണ് യുവപ്രതിഭാ പുരസ്‌കാര’മെന്ന വെളിപാട് സുഭാഷ്ചന്ദ്രന് ഉണ്ടാകുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം എന്താണ്?
തപസ്യയുടെ ദുർഗാദത്ത പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് ചെറുകഥാസമ്മാനം സ്വന്തമാക്കിയ ആളാണ് അദ്ദേഹം. ‘ഘടികാരങ്ങൾ നിലയ്‌ക്കുന്ന സമയം’ ആയിരുന്നു പുരസ്‌കൃതമായ കഥ. പിന്നീടും മാതൃഭൂമിയുടെ താളുകളിൽ ഇടയ്‌ക്കിടയ്‌ക്കൊക്കെ അദ്ദേഹത്തിന് അവസരം കിട്ടി. സമകാലികരായ പലർക്കും ലഭിക്കാതെ പോയ അത്തരം അവസരങ്ങൾ അദ്ദേഹത്തിന് പ്രൗഢമായ ഒരു വായനാസമൂഹത്തെ സമ്മാനിച്ചു എന്നത് വാസ്തവമാണ്. കാലം കടന്നുപോവുകയും സുഭാഷ്ചന്ദ്രൻ യുവാവ് അല്ലാതാവുകയും ചെയ്തതോടെ അദ്ദേഹം ആ വാരികയുടെ ഔദ്യോഗികഭാഗമായി. പോയിപ്പോയി അദ്ദേഹമാണ് ഇപ്പോൾ അതിന്റെ പത്രാധിപർ. നിലപാടുകളുടെ ഘടികാരം അപ്പോഴേക്കും നിലച്ചിരുന്നു. ആർ ആർക്ക് ദാസനാവുന്നു എന്നത് കാലം പറഞ്ഞുതരുന്ന വർത്തമാനങ്ങളാണെന്ന് അപ്പോൾ തിരിച്ചറിയാനാകും.
എന്തായാലും ഇനി മോദിയുടെ ‘യുവ’ പ്രോത്സാഹനത്തിന് സുഭാഷിന് അവസരമുണ്ടാകില്ല. തനിക്ക് കിട്ടാനിടയില്ലാത്തത് മറ്റുള്ളവർക്ക് കിട്ടിപ്പോയാൽ അതെന്തുതരം കിട്ടലാണെന്ന് അന്തംവിടാനുള്ള ത്വര പണ്ട് മുന്തിരിക്ക് ചാടിയ കുറുക്കന്റെ കഥ പഠിച്ചിട്ടുള്ള കാലം മുതൽ മാലോകർക്ക് അറിയാം. ഒരു പതിറ്റാണ്ടോളമായി രാജ്യം ഭരിക്കുന്ന പാർട്ടിക്കും സർക്കാരിനും വേണ്ടി ശബ്ദമുയർത്താൻ ആളെക്കൂട്ടുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നൊക്കെ ഒരു പൊതുവേദിയിൽ വന്ന് പറയാൻ ചെറിയ ഉളുപ്പൊന്നും പോരാ. കല്പറ്റ നാരായണന്റെ ‘ഇരുട്ട് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ആർക്കും ദാസനാകാത്ത മാതൃഭൂമിപത്രാധിപരുടെ മോദിവിരുദ്ധ കണ്ടെത്തൽ. അൻപതിനായിരം രൂപ കൊടുത്താൽ രാജ്യത്തെ യുവഎഴുത്തുകാരൊക്കെ മോദിക്ക് ദാസരാകുമെന്ന് വിളിച്ചുപറഞ്ഞ ഈ പത്രാധിപർ അദ്ദേഹത്തിന്റെ ആഴ്ചപ്പതിപ്പിൽ എഴുതുന്നവരെ ഏത് കണ്ണട വച്ചാകും അളന്നെടുക്കുക എന്നറിയാൻ കൗതുകമുണ്ടാവുക സ്വാഭാവികമാണ്.
‘ഇരുട്ടിൽ നിൽക്കുന്നൊരാൾ ഞാനിരുട്ടിലാണെന്ന് പറഞ്ഞാൽ നാം വെളിച്ചവുമായി ചെല്ലും. വെളിച്ചത്തിൽ നിൽക്കുന്നൊരാൾ ഞാനിരുട്ടിലാണെന്ന് പറഞ്ഞാൽ നാമേത് വെളിച്ചവുമായി ചെല്ലും?’ എന്ന ചോദ്യം കല്പറ്റ നാരായണന്റേതാണ്. ആർക്കുനേരെയും എപ്പോൾ വേണമെങ്കിലും ഉയരാവുന്ന ഈ ചോദ്യം ഇപ്പോൾ സുഭാഷ്ചന്ദ്രന് നേരെ ഉയരുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിയണം. തനിക്ക് പ്രിയപ്പെട്ടവർ തനിക്ക് തരുന്ന പുരസ്‌കാരങ്ങൾ തന്നെ അവർക്ക് ദാസരാക്കിയിട്ടില്ലെന്ന് തികഞ്ഞ ബോധ്യമുണ്ടെങ്കിൽ (ഉണ്ടെങ്കിൽ മാത്രം) ആ നിലപാട് മറ്റുള്ളവർക്കും ഉണ്ടാകും എന്ന സാമാന്യമായ ഒരു ധാരണ പുലർത്തുന്നതാണ് സാംസ്‌കാരിക മര്യാദ. അത് അങ്ങനെയല്ലെങ്കിൽ ‘ദാസന്മാരാകാൻ വെമ്പുന്ന’ യുവാക്കളെ ഓർത്ത് പരിതപിക്കുന്നതിൽ തെറ്റില്ല. രണ്ടിനും സ്വന്തം അനുഭവം ആലംബമാക്കുന്നതാവും യുക്തിഭദ്രം.
















Comments