കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച സംഭവത്തിൽ നീതു രാജിനെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നീതുവിനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും.
കാമുകൻ പിരിയാതിരിക്കാനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുഞ്ഞിനെ മോഷ്ടിച്ചതെന്ന് നീതു പോലീസിനോട് പററഞ്ഞു. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തി തീർക്കുകയായിരുന്നു ലക്ഷ്യം. ഒന്നര വർഷം മുൻപ് ടിക് ടോക്ക് വഴിയാണ് നീതു ഇബ്രാഹിമിനെ പരിചയപ്പെടുന്നത്. ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നീതു ഗർഭിണിയായി. എന്നാൽ മാസങ്ങൾക്ക് മുൻപ് ഗർഭം അലസി.
ഈ വിവരം ഇബ്രാഹിമിൽ നിന്നും നീതു മറച്ചുവെച്ചിരുന്നു. എന്നാൽ കുഞ്ഞെവിടെ എന്ന ചോദ്യം ഉയർന്നതോടെ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറായതും കുഞ്ഞിനെ മോഷ്ടിക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചു. മെഡിക്കൽ കോളേജിന് സമീപത്തെ കടയിൽ നിന്നാണ് നഴ്‌സിന്റെ കോട്ട് വാങ്ങുന്നത്.
രണ്ട് ദിവസം മുൻപ് പ്രസവ വാർഡിൽ നീതു ഈ വേഷം ധരിച്ച് എത്തിയിരുന്നു. തന്റെ സ്വർണ്ണവും പണവും ഇബ്രാഹിം കവർന്നതായി നീതു പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത കേസിൽ ഇബ്രാഹിമിനെ പ്രതിചേർത്തിട്ടില്ല. നീതുവിന്റെ മകനെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ കേസിൽ ഇബ്രാഹിം പ്രതിയാകും.
Comments