ലക്‌നൗ: രാഷ്‌ട്രീയത്തിൽ ചിലരുടെ സാന്നിദ്ധ്യത്തേക്കാൾ അസാന്നിദ്ധ്യമാകും ശ്രദ്ധേയമാകുക. യുപി രാഷ്‌ട്രീയത്തിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത് ബിഎസ്പി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മായാവതിയുടെ പൊതുപരിപാടികളിൽ നിന്നുളള വിട്ടുനിൽക്കലാണ്. കഴിഞ്ഞ മാസം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
”ബെഹൻജി, തിരഞ്ഞെടുപ്പ് വന്നിരിക്കുന്നു, ദയവായി പുറത്തുവരൂ. നിങ്ങൾ പ്രചാരണം നടത്തിയില്ലെന്ന് പിന്നീട് പറയരുത്” അമിത് ഷാ പറഞ്ഞു. യുപിയിൽ മായാവതി ബെഹൻജി(സഹോദരി) എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയും സമാജ്വാദി പാർട്ടിയും തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ തുടങ്ങിയിട്ടും ബിഎസ്പിയുടെ പ്രചാരണം അനിശ്ചിതാവസ്ഥയിലാണ്.
മായാവതിയുടെ തിരഞ്ഞെടുപ്പ് രംഗത്തെ അസാന്നിദ്ധ്യത്തെ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയും വിഷയമാക്കിയരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണം നിലനിർത്താനുളള പ്രവർത്തനങ്ങളിൽ സജീവമാണ്. അദ്ദേഹം നിരവധി പൊതുപരിപാടികളും മറ്റും സജീവമാണ്. മുൻ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവും സജീവമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയും സംസ്ഥാന രാഷ്‌ട്രീയത്തിൽ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.
മായാവതിയുടെ പ്രവർത്തനരംഗത്തെ വിട്ടുനിൽക്കൽ ബിഎസ്പി നേതാക്കൾക്കിടയിലും അണികൾക്കിടയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്ത് കൊണ്ടാണ് മായാവതി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് അവർ ചേദിക്കുന്നു.
വർഷങ്ങളായി മായാവതിയുടെ രാഷ്‌ട്രീയം നിരീക്ഷിച്ചവരിൽ ചിലർ പറയുന്നത് അവരുടെ ‘നിശ്ശബ്ദത’ ആശ്ചര്യകരമല്ലെന്നാണ്. ”മായാവതിയുടെ മനസ്സിൽ എന്താണെന്ന് നിർണ്ണയിക്കുക എളുപ്പമല്ല,” അലഹബാദിലെ ഗോവിന്ദ് ബല്ലഭ് പന്ത് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പൊളിറ്റിക്കൽ സയന്റിസ്റ്റും പ്രൊഫസറുമായ ബദ്രി നാരായൺ വ്യക്തമാക്കുന്നു.
ഒക്ടോബറിൽ പാർട്ടി സ്ഥാപകൻ കാൻഷിറാമിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ലക്നൗവിൽ നടന്ന പരിപാടിയിലാണ് മായാവതിയെ അവസാനമായി പൊതുവേദിയിൽ കണ്ടത്. 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403ൽ 206 സീറ്റുകൾ നേടിയാണ് മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തിന് ശേഷം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി 224 സീറ്റുകൾ നേടി അധികാരത്തിൽ എത്തി. ബിഎസ്പിയുടെ സീറ്റുകളുടെ എണ്ണം 80 ആയി കുറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയപ്പോൾ ബിഎസ്പിയുടെ സീറ്റുകൾ 19 ആയി ചുരുങ്ങി.
ഇത്തവണ കൂറുമാറ്റം കൂടാതെ ഒട്ടേറെ വെല്ലുവിളികളും പാർട്ടി അഭിമുഖീകരിക്കുന്നുണ്ട്. മിക്ക നിയമസഭാംഗങ്ങളും പാർട്ടിയിൽ നിന്ന് പുറത്തുപോകുകയോ സസ്പെൻഡ് ചെയ്യപ്പെടുകയോ മറ്റ് പാർട്ടികളിൽ ചേരുകയോ ചെയ്തു. വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ബിഎസ്പിയും മായാവതിയും കടന്നുപോയത്. എന്നാൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം വരും ദിവസങ്ങളിൽ മായാവതി പ്രചാരണം ആരംഭിക്കുമെന്ന് ചില ബിഎസ്പി നേതാക്കൾ പറഞ്ഞു.
Comments