ന്യൂഡൽഹി: നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കൗൺസിലിംഗ് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി. mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ഈ വർഷത്തേക്ക് നിലവിലെ മാനദണ്ഡം അനുസരിച്ച് സംവരണം നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. സംവരണത്തിനായുള്ള ഉയർന്ന വാർഷിക വരുമാന പരിധി ആ വർഷത്തേക്ക് എട്ട് ലക്ഷം തന്നെയായിരിക്കും. മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണമെന്ന തീരുമാനം കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര സർക്കാർ ഇറക്കിയിരുന്നു. ഈ തീരുമാനം കോടതി ശരിവച്ചിരിക്കുകയാണ്.
ഏകദേശം 2 ലക്ഷം പരീക്ഷാർത്ഥികളാണ് പിജി കൗൺസിലിംഗിനായി കാത്തിരിക്കുന്നത്. ഈ മാസം 12ന് തുടങ്ങുന്ന കൗൺസിലിംഗ് എന്ന് വരെ നീളുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Comments