ലക്‌നൗ: ഉത്തർപ്രദേശിൽ ഒരുങ്ങുന്ന രാമക്ഷേത്രത്തിനായി ലോകത്തിലെ ഏറ്റവും വലിയ താഴും താക്കോലും നിർമ്മിച്ച് ദമ്പതികൾ. അലിഗഡ് ജില്ലയിൽ നിന്നുള്ള ദമ്പതികളാണ് ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന താഴും താക്കോലും നിർമ്മിച്ചത്. ഭക്തിതുളുമ്പുന്ന ഭഗവാൻ ശ്രീരാചന്ദ്രന്റെ രൂപം കൊത്തി വയ്ച്ച പൂട്ടിന് 400 കിലോഗ്രാമാണ് ഭാരം. താക്കോലിനാകട്ടെ 30 കിലോഗ്രാമാണ് തൂക്കം.
ഭക്തിയും വൃതശുദ്ധിയും ചാലിച്ച് ആറ് മാസങ്ങളെടുത്താണ് സത്യപ്രകാശ് ശർമ്മയും ഭാര്യ രുക്മിണി ശർമ്മയും ചേർന്ന് ഈ താഴും താക്കോലും നിർമ്മിച്ചത്. അവസാന മിനുക്കുപണികൾ കൂടി പൂർത്തിയാക്കിയ ശേഷം ഇവ ഭഗവാന് കാണിക്കയായി സമർപ്പിക്കുമെന്ന് ദമ്പതികൾ പറയുന്നു.
സാധാരണ താഴും താക്കോലും തുരുമ്പ് എടുക്കാറുണ്ട്. എന്നാൽ രാമക്ഷേത്രത്തിനായി പണിത ഈ താഴും താക്കോലും തുരുമ്പെടുക്കില്ലെന്നാണ് ദമ്പതികൾ പറയുന്നത്. ഇതിനായി സ്റ്റീലിൽ ആവരണം ചെയ്താണ് രണ്ടും നിർമ്മിച്ചിരിക്കുന്നത്. ലോഹങ്ങൾ കൊണ്ട് പൊതിഞ്ഞ പെട്ടിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 300 കിലോഗ്രാം ഭാരമുള്ള താഴും താക്കോലും നിർമ്മിച്ച് വാർത്തകളിൽ ഇടം പിടിച്ചവരാണ് സത്യപ്രകാശും ഭാര്യ രുക്മിണിയും. ഇപ്പോൾ രാമക്ഷേത്രത്തിനായി നിർമ്മിച്ച ഈ താഴും താക്കോലും ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച് ഗിന്നസിലേയ്‌ക്ക് എത്തുമെന്നാണ് ദമ്പതികൾ പ്രതീക്ഷിക്കുന്നത്. വരുന്ന റിപബ്ലിക് ദിനത്തിൽ ഈ താഴും താക്കോലിന്റെയും ഒരു മാതൃക പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചിട്ടുണ്ടെന്ന് ദമ്പതികൾ പറയുന്നു.
Comments