ചണ്ഡീഗഡ് : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഉണ്ടായ സുരക്ഷാ വീഴ്ച ആസൂത്രിതമെന്ന് തെളിയിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രി പഞ്ചാബിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ചർച്ച നടന്നത് എന്ന് വീഡിയോയിലൂടെ വ്യക്തമാകുന്നു.
കേന്ദ്ര സർക്കാരുമായി ഒരു തരത്തിലും ഒത്തുതീർപ്പുണ്ടാകില്ലെന്നും ഇന്ന് നാം മോദിയുടെ റാലിയ്‌ക്കെതിരെ പ്രതിഷേധം നടത്തുമെന്നും ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറി ബൽദേവ് സിംഗ് സിറ പ്രഖ്യാപിക്കുന്നതായി വീഡിയോയിലുണ്ട്. ലഖീംപൂർ കേസ് പിൻവലിക്കണമെന്നും ആഷിഷ് മിശ്രയെ ജയിലിലടയ്‌ക്കണമെന്നുമാണ് പ്രതിഷേധസക്കാരുടെ ആവശ്യം. ഇത് നിറവേറ്റാതെ കേന്ദ്രവുമായി ഒത്തുതീർപ്പ് നടത്തില്ലെന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്.
എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനം തടഞ്ഞത് തങ്ങളല്ല എന്നായിരുന്ന ഈ സംഘടനകളുടെ അവകാശവാദം. പ്രധാനമന്ത്രി സ്ഥലത്ത് എത്തുന്നതിന് മുൻപ് പോലീസ് തങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടുവെന്നും ബിജെപിക്കാരാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് എന്നുമുള്ള ആരോപണങ്ങളാണ് നേരത്തെ ഉയർന്നത്.
കഴിഞ്ഞയാഴ്ചയാണ് നരേന്ദ്രമോദി പഞ്ചാബ് സന്ദർശിച്ചത്. ഇതിനിടെ കാർഷിക നിയമങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നവർ അദ്ദേഹത്തിന്റെ വാഹനം തടയുകയും പതിനഞ്ച് മിനിറ്റിലധികം നേരം പ്രധാനമന്ത്രിയുടെ വാഹനം വഴിയിൽ കിടക്കുകയുമാണ് ഉണ്ടായത്. ഹുസൈനിവാലയിൽ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനും ഫിറോസ്പൂരിൽ റാലിയിൽ പങ്കെടുക്കാനും റോഡ് മാർഗം പോകുന്നതിനിടെ ആയിരുന്നു സംഭവം.
















Comments