ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഉന്നതതല യോഗം ഡൽഹിയിൽ നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥി പട്ടികയ്‌ക്ക് അന്തിമരൂപം നൽകുക എന്നതായിരുന്നു യോഗത്തിലെ പ്രധാന അജണ്ട.ജനുവരി 15 വരെ റാലികളും റോഡ് ഷോകളും മറ്റ് പൊതു പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് പ്രചാരണ മാർഗ്ഗങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാവി പരിപാടികൾക്ക് രൂപരേഖ തയ്യാറായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, മറ്റ് പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു, ബിജെപി അധ്യക്ഷൻ ജെപി നദ്ദ ഓണലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 ന് ആണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും.
ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 55 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടമായ ഫിബ്രവരി 20 ന് 59 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 23ന് നാലാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും, ഫെബ്രുവരി 27ന് നടക്കുന്ന അഞ്ചാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും, മാർച്ച് മൂന്നിന് ആറാം ഘട്ടത്തിൽ 57 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 7 ന് ആണ് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 54 സീറ്റുകളിലാണ് അന്ന് വോട്ടെടുപ്പ് നടക്കുക. ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
















Comments