രാജ്യത്തിന് എതിരെങ്കിൽ അത് തനിക്കും എതിരെന്ന് നടൻ ഉണ്ണി മുകുന്ദൻ. ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്ത് തന്നെയാണ് ജനിച്ചു വളർന്നത്. എന്റെ വീട്ടിൽ കൃഷ്ണനും രാമനും ശിവനും ഹനുമാൻ സ്വാമിയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളുണ്ട്. ഇവരെ ആരേയും രാഷ്‌ട്രീയ പാർട്ടികളുടെ പ്രതീകങ്ങളായല്ല കാണുന്നത്. അതിനാലാണ് താൻ ആരാധിക്കുന്ന ഹനുമാൻ സ്വാമിയെ അപമാനിച്ചപ്പോൾ പ്രതികരിച്ചതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
കൊറോണ മാറാൻ എന്താണ് ആവശ്യമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അതിൽ കമന്റ് ചെയ്തത് മറ്റൊരു ഉദ്ദേശത്തോടെയാണ്. ഇനി ഇത്തരത്തിലുള്ള തമാശകൾ തന്റെ അടുത്ത് വന്ന് ആരും പറയാതിരിക്കാനാണ് അപ്പോൾ പ്രതികരിച്ചത്. പ്രധാനമന്ത്രിയ്‌ക്ക് ഒരു ജന്മദിന ആശംസകൾ നേർന്നാൽ പോലും വിമർശിക്കാനിവിടെ ആളുണ്ട്. ഞാൻ ഒരു ദേശീയ ചിന്താഗതിയുള്ള ആളാണ്. അതിനാൽ തന്നെ ഇന്ത്യയ്‌ക്കെതിരെ ആര് പറഞ്ഞാലും ബുദ്ധിമുട്ടുള്ള കാര്യമാണ്. താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടേയും ആളല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു താഴെ നടൻ സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തത് വിവാദമായിരുന്നു. ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ ‘ എന്നായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കമന്റ് . അതിനു സ്വന്തം വില കളയരുതെന്ന താക്കീത് അടക്കമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
അതേസമയം ഉണ്ണി മുകുന്ദൻ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന മേപ്പടിയാൻ നാളെ തീയേറ്ററുകളിൽ എത്തും. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ് വിതരണം. മൂന്ന് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം തിയറ്ററിലെത്തുന്നത്.
Comments