ആലുവ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ വീട്ടിൽ പരിശോധന. തെളിവുകൾ തേടിയാണ് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂർ കവലയിലെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയത്. വീട് അടച്ചിട്ട നിലയിലായിരുന്നു. വീടിന്റെ മതിൽ ചാടിക്കടന്നാണ് പോലീസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചത്. നടിയെ ആക്രമിച്ച കേസിൽ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനാണ് പരിശോധന എന്നാണ് വിവരം. പരിശോധന കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. 20 അംഗ സംഘമാണ് പരിശോധനയ്‌ക്ക് എത്തിയിരിക്കുന്നത്.
വധഭീഷണി കേസിൽ ജാമ്യം തേടി ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെ ഈ കേസ് പരിഗണിക്കുന്നുണ്ട്. അതുവരെ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണസംഘം പറവൂര്‍ കവലയിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. വധഭീഷണി കേസ് അന്വേഷിക്കുന്ന സംഘമാണ് ദീലീപിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരി എത്തിയാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്.
ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ‘പത്മസരോവരം’ വീട്ടിലെ ഹാളില്‍ വച്ചാണ് ഗൂഢാലോചന നടത്തിയത് എന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് മൊഴി നല്‍കിയത്. തന്റെ ചുമലില്‍ കൈവച്ച ഉദ്യോഗസ്ഥന്റെ കൈവെട്ടും, മറ്റ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തും എന്നതടക്കമുള്ള ഭീഷണി ദിലീപ് മുഴക്കിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പോലീസ് ആലുവയിലെ വീട്ടില്‍ എത്തിയിരിക്കുന്നത്.
















Comments