കണ്ണൂർ :പിണറായിയെ പുകഴ്‌ത്തി നടത്തിയ കൈകൊട്ടിക്കളിയിൽ സിപിഎമ്മിൽ പ്രതിഷേധം പുകയുന്നു .
കണ്ണൂർ സ്വദേശി കൂടിയായ ധീരജിന്റെ വിലാപയാത്ര നടക്കുമ്പോഴായിരുന്നു തിരുവനന്തപുരം പാറശ്ശാലയിൽ സിപിഎം നേതൃത്വത്തിൽ തിരുവാതിര എന്ന പേരിൽ കൈകൊട്ടിക്കളി സംഘടിപ്പിച്ചത്.
എസ്എഫ്ഐ പ്രവർത്തകർ ദുഃഖ ദിനം ആചരിക്കുമ്പോൾ സിപിഎം നേതാവ് എം എ ബേബി അടക്കം പങ്കെടുത്ത പരിപാടിയിൽ ആണ് വനിതാ പ്രവർത്തകർ പിണറായി സ്തുതിയുമായി കൈകൊട്ടിക്കളി നടത്തിയത് .ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് പാർട്ടിക്കകത്ത് ഉയരുന്നത്.”മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു എന്ന് പാർട്ടി സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിക്കുകയും ചെയ്തു .
കണ്ണൂരിൻ താരകമായി പി ജയരാജനെ വിശേഷിപ്പിച്ചു ഇറങ്ങിയ ആൽബവും ,പി ജെ ആർമി എന്ന പേരിൽ പാർട്ടിക്കകത്ത് രൂപപ്പെട്ട ജയരാജൻ വിഭാഗവും പിണറായി വിജയന്റെ അപ്രീതിക്ക് പാത്രമായിരുന്നു.കണ്ണൂർ സിപിഎമ്മിൽ തനിക്കെതിരെ ഉയർന്ന് വന്ന പി ജയരാജനെ നിതാന്ത ശത്രുതയോടെ പിണറായി വേട്ടയാടുന്നുവെന്ന വിമർശനം പാർട്ടിക്കകത്ത് ശക്തമായിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിൽ ജയരാജന് സീറ്റ് നിഷേധിച്ചതോടെ പി ജെ ആർമി എന്ന പേരിൽ പിണറായിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
പാർട്ടി നടപടി ഉണ്ടാവുമെന്ന സാഹചര്യം വന്നപ്പോൾ ,തനിക്ക് വേണ്ടി പോസ്റ്റിട്ടവരെ പി ജയരാജൻ തള്ളിപ്പ റയുകയായിരുന്നു.ഫേസ്ബുക്കിൽ തനിക്ക് വേണ്ടി പോസ്റ്റിടുന്നവർക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും ജയരാജൻ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കേണ്ട അവസ്ഥയുണ്ടായി .പി.ജെ ആർമി എന്ന ഫേസ്ബുക്ക് പേജിന്‍റെ പ്രൊഫൈൽ ചിത്രമായിരുന്ന ജയരാജന്റെ ചിത്രം മാറ്റി ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ പിണറായി വിജയന്‍റെ ചിത്രം നൽകി .വ്യക്തി പൂജ ആരോപണം അന്വേഷിക്കാൻ ജയരാജനെതിരെ സി.പി.എം പാർട്ടി അന്വേഷണ കമ്മീഷനും രൂപീകരിച്ചിരുന്നു.വ്യക്തി പൂജ വിഷയത്തിൽ ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന് സിപിഎം സംസ്ഥാന സമിതി ജയരാജനെ ശാസിക്കുകയും ചെയ്തു
എന്നാൽ തിരുവനന്തപുരത്ത് പിണറായിയെ സ്തുതിച്ചു കൈകൊട്ടിക്കളി നടത്തിയതിൽ പാർട്ടി അച്ചടക്ക ലംഘനം ഉണ്ടായില്ലേ എന്ന ചോദ്യമാണ് പിണറായി വിരുദ്ധ വിഭാഗം ഉയർത്തുന്നത്.’ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണ ഭൂതൻ പിണറായി” എന്ന വരികളോടെ പാർട്ടിയെന്നാൽ പിണറായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു കൈകൊട്ടിക്കളി പാട്ടിലെ വരികൾ. ഇതാണ് പിണറായി വിരുദ്ധ വിഭാഗത്തെ ചൊടിപ്പിക്കുന്നത്.ജയരാജൻ ജാഗ്രത കിട്ടിയില്ലെന്ന് വിമർശിച്ചവർ പിണറായി സ്തുതിക്കെതിരെ മിണ്ടാത്തത് എന്താണെന്ന ചോദ്യവും ശക്തമാണ്.
അതെ സമയം സ്തുതി ഗീതങ്ങൾ പിണറായി ആസ്വദിക്കുന്നതായാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ .ധീരജിന്റെ മൃതദേഹവും വഹിച്ചു ഇടുക്കിയിൽ നിന്നും വിലാപ യാത്ര നടക്കുമ്പോൾ കൈകൊട്ടിക്കളിയുമായി മുതിർന്ന നേതാക്കൾ ആഹ്ളാദ തിമിർപ്പിലായിരുന്നുവെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.പിണറായി വിഭാഗവും,ജയരാജൻ വിഭാഗവും സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞു ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നുണ്ട് .അതെ സമയം തിരുവാതിര കളിയിൽ വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം ജില്ലാ സിക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയിട്ടുമുണ്ട്
















Comments