തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 480 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊവിഡ് ക്ലസ്റ്റർ മറച്ചുവെച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിനെതിരെ ഇതിനോടകം മന്ത്രി നടപടിക്ക് നിർദേശം നൽകി. ഒമിക്രോൺ ക്ലസ്റ്ററായ വിവരം നഴ്‌സിങ് കോളേജ് മറച്ചുവെച്ചുവെന്ന് വീണാ ജോർജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് നടപടി. കൊറോണ ക്ലസ്റ്ററായ വിവരം മറച്ചുവെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി താക്കീത് നൽകി.
അതേസമയം സംസ്ഥാനത്ത് പുതിയതായി ഒമിക്രോൺ ബാധിച്ചവരിൽ 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം അഞ്ഞൂറിനോട് അടുക്കുകയാണ്.
















Comments