വാഷിംഗ്ടൺ: അമേരിക്കയിൽ കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം കൂടുന്നു. രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളും നിറയുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിക്കുന്നു. 24 സംസ്ഥാനങ്ങളിലെ ആശുപത്രികൾ അവയുടെ രോഗികളെ ഉൾക്കൊള്ളാനുള്ള പരമാവധി ശേഷിയിലേക്ക് എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
മസാച്യുസെറ്റ്‌സ്, ജോർജ്ജിയ, മേരിലാൻഡ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകളിൽ 80 ശതമാനവും രോഗികൾ നിറഞ്ഞിരിക്കുകയാണ്. ഒമിക്രോൺ വകഭേദം കൊറോണ വൈറസിനെ അപേക്ഷിച്ച് ആശുപത്രി വാസത്തിനുള്ള സാദ്ധ്യത കൂട്ടുന്നു. 8,03000ത്തിലധികം കൊറോണ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്‌ച്ച മുൻപുള്ളതിനെക്കാൾ 133 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
മരണ സംഖ്യ ഉയരുന്നത് ആശങ്ക കൂട്ടുന്നുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഒരു ദിവസം ശരാശരി 1871 ആണ് രാജ്യത്തെ മരണ നിരക്ക്. അലബാമ, ഫ്‌ളോറിഡ, ലൂസിയാന, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ഐലൻഡ്‌സ് എന്നിവിടങ്ങളിലാണ് കേസുകൾ അതിവേഗം ഉയരുന്നത്. ഇവിടങ്ങളിലെ ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്.
രോഗികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരേയും രോഗവ്യാപനം കൂടുതലുള്ള 24 സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. അടുത്ത 60 ദിവസത്തേയ്‌ക്ക് ആശുപത്രികളെ സഹായിക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുകയാണ് അമേരിക്ക.
















Comments