ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചത് മുതൽ വട്ടം കറങ്ങി കോൺഗ്രസ്. പാർട്ടി സ്ഥാനാർത്ഥിയായ അർച്ചന ഗൗതമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മോഡലും സൗന്ദര്യ മത്സര വിജയിയുമായ അർച്ചനയുടെ ബിക്കിനി ധരിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തി. തന്റെ ജോലിയെയും രാഷ്‌ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കരുതെന്ന് അർച്ചന അഭ്യർത്ഥിച്ചു.
‘ 2018 മിസ് ബിക്കിനി മത്സരത്തിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 2014ലെ മിസ് ഉത്തർപ്രദേശായിരുന്നു ഞാൻ. കൂടാതെ, 2018ലെ മിസ് കോസ്‌മോ വേൾഡിലും ഞാൻ മത്സരിച്ചിരുന്നു. ദയവായി എന്റെ തൊഴിലിനെ രാഷ്‌ട്രീയവത്കരിക്കരുത്. രാഷ്‌ട്രീയത്തിലെ എന്റെ ഭാവിയും എന്റെ ജോലിയും തമ്മിൽ ബന്ധിപ്പിക്കരുത്’ എന്ന് അർച്ചന പറഞ്ഞു. രാഷ്‌ട്രീയം ഇല്ലെങ്കിലും തൊഴിൽ വേണ്ടെന്ന് വെയ്‌ക്കാൻ പറ്റില്ലെന്നും അർച്ചന കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിലാണ് അർച്ചന കോൺഗ്രസിൽ ചേർന്നത്. മീററ്റിലെ ഹസ്തിനപുരത്തിലാണ് അർച്ചന കോൺഗ്രസിനായി മത്സരിക്കുന്നത്. ഇലക്ഷന് ജയിച്ചാൽ വിനോദ സഞ്ചാര മേഖലയെ കൂടുതൽ ഉണർത്തുമെന്നാണ് അർച്ചന പറയുന്നത്.
എന്നാൽ കോൺഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്ത മറ്റ് വനിതകളെ തഴഞ്ഞാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. കഴിഞ്ഞ വർഷം പാർട്ടിയിൽ ചേർന്ന അർച്ചന ഇതുവരെയും കോൺഗ്രസിനായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും, പണം വാങ്ങി സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രധാന അജണ്ട. 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ, കോൺഗ്രസിന് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട വനിതകളെ തഴയുകയാണ്.
















Comments