ചണ്ഡീഗഡ് : പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഇളയ സഹോദരൻ കോൺഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസിൽ മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനാലാണ് ആരുടേയും പിന്തുണയില്ലാതെ മത്സരിക്കാൻ തീരുമാനിച്ചത് എന്ന് ഛന്നിയുടെ സഹോദരൻ ഡോ. മനോഹർ സിംഗ് പറയുന്നു.
ഛന്നിയുടെയുടെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമായ പുവാദ് മേഖലയിലെ ബാസി പത്താനയിൽ നിന്നാണ് മനോഹർ സിംഗ് കോൺഗ്രസിനെതിരെ മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എംഎൽഎയായ ഗുർപീത് സിംഗാണ് ഇവിടെ നിന്ന് മത്സരിക്കുക. എന്നാൽ ഇയാൾ ജനങ്ങൾക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും നാട്ടുകാരുടെ ക്ഷേമത്തിന് വേണ്ടിയല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്നും മനോഹർ സിംഗ് ആരോപിച്ചു.
ഒരേ കുടുംബത്തിൽ നിന്ന് രണ്ട് പേർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് പാർട്ടി വ്യവസ്ഥയുണ്ടെന്നും അതിനാലാണ് മനോഹർ സിംഗിനെ മത്സരിപ്പിക്കാത്തത് എന്നുമാണ് പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ ബാസി പത്താനയിലെ ജനങ്ങളാണ് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് എന്നും ഇതിൽ നിന്നും ഒരു തിരിച്ചുപോക്കില്ലെന്നും മനോഹർ സിംഗ് വ്യക്തമാക്കി. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നേരത്തെ ചരൺജീത് സിംഗ് ഛന്നിയുടെ അടുത്ത ബന്ധു ബിജെപിയിൽ ചേർന്നിരുന്നത് വൻ തിരിച്ചടിയായിരുന്നു. ബന്ധുവായ ജസ്വീന്ദർ സിംഗ് ധാലിവാൾ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിദ്ധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടുത്ത സഹോദരൻ പാർട്ടിക്കെതിരെ പൊരുതുന്നത്.
















Comments