ന്യൂഡൽഹി: പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജാവ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഥക്കിനെ ലോകോത്തര നിലവാരത്തിൽ എത്തിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം. 1938ൽ ലക്‌നൗവിലാണ് ജനനം.
ഇന്നലെ രാത്രി പേരക്കുട്ടിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കിഡ്‌നി സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന പണ്ഡിറ്റ് ജി ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡയാലിസിസിന് വിധേയനായിരുന്നു.
കഥക് കലാകാരന്മാരുടെ മഹാരാജ് കുടുംബത്തിൽ നിന്നാണ് രാജ്യത്തെ ഏറ്റവും പ്രശസ്തനായ കഥക് നൃത്തകാരൻ എന്ന നിലയിലേക്ക് പണ്ഡിറ്റ് ജി എത്തിയത്. രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും അദ്ദേഹം ശോഭിച്ചു.
പണ്ഡിറ്റ് ബിർജുവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ നൃത്തകലയ്‌ക്ക് ലോകമെമ്പാടും അതുല്യമായ അംഗീകാരം നേടി തന്ന പണ്ഡിറ്റ് ജിയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുവെന്ന് പ്രധാനമന്ത്രി കുറിച്ചു. കലാരംഗത്ത് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments