ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയ്‌ക്കുണ്ടായ സുരക്ഷാ വീഴ്‌ച്ച അന്വേഷിക്കുന്ന റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയ്‌ക്ക് ഭീഷണി സന്ദേശം. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണി മുഴക്കിയത്. ഇന്ദു മൽഹോത്രയെ അന്വേഷണത്തിന് അനുവദിക്കില്ലെന്നാണ് ഭീഷണി. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ അന്വേഷണ സമിതിയുടെ അദ്ധ്യക്ഷയാണ് ഇന്ദു മൽഹോത്ര.
ഇന്ദു മൽഹോത്ര ഉൾപ്പെടെ നിരവധി അഭിഭാഷകർക്ക് ഭീകരർ വോയിസ് നോട്ട്‌സ് അയച്ചിട്ടണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്‌ച്ചയെ കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയെ ഞങ്ങൾ അനുവദിക്കില്ലെന്നാണ്’ ശബ്ദ സന്ദേശം. സംഭവത്തിൽ നേരത്തേയും അഭിഭാഷകർക്ക് ഭീഷണി സന്ദേശം എത്തിയിരുന്നു.
സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് അഭിഭാഷക സംഘടനയായ ലോയേഴ്സ് വോയ്സ് പരാതി നൽകിയതിന് പിന്നാലെയാണിത്. അതേസമയം ലോയേഴ്‌സ് വോയിസ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ദു മൽഹോത്ര അടങ്ങുന്ന മൂന്നംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം മാത്രം മതിയാകില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയമിച്ചത്.
















Comments