ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാൾ കൂടി പിടിയിലായി. എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് ആണ് പിടിയിലായത്.
കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളാണ് ഷെർനാസ് എന്ന് പോലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി. രൺജീത് വധം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഷെർനാസിനെ പിടികൂടിയത്. 39 കാരനാണ് ഷെർനാസ്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വാർത്താക്കുറിപ്പിലാണ് ഇയാളുടെ അറസ്റ്റ് വിവരം പങ്കുവെച്ചത്.
12 പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കം മൊത്തം പ്രതികളുടെ എണ്ണം 25 ലധികം വരുമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളിൽ പലരും സംസ്ഥാനം വിട്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരെ പിടികൂടാൻ വൈകിയതിലും കൊലപാതക സംഘത്തിലുണ്ടായിരുന്നവരെ ഇതുവരെ പൂർണമായി പിടികൂടാത്തതിലും ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു.
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഭീകരതയ്‌ക്കും മതതീവ്രവാദത്തിനുമെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജാഗ്രതാ സദസുകൾ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു.
















Comments