ജയ്പൂർ: മുസ്ലീം വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി അഞ്ച് കോടി രൂപ അനുവദിച്ച് രാജസ്ഥാൻ സർക്കാർ. വഖഫ് ഭൂമിയിൽ ശ്മശാനങ്ങൾ, മദ്രസകൾ, സ്‌കൂളുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി 98.55 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
15 സർക്കാർ ന്യൂനപക്ഷ ഹോസ്റ്റലുകളിൽ ഇ-പഠന മുറികൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് 58 ലക്ഷം രൂപയും, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 44 കോടി രൂപയും സർക്കാർ ചെലവഴിക്കും. കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് പലിശരഹിത സബ്‌സിഡിക്കായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജോധ്പൂരിലെ മൗലാന ആസാദ് സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണത്തിനും തുക നീക്കിവച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിലെ കർഷകർക്കായി 15.42 കോടി രൂപ ചെലവിൽ സോളാർ പമ്പ് ഗ്രാന്റ് പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്.
2021-22 ബജറ്റിൽ രാജസ്ഥാൻ സർക്കാർ ‘സർവ ധർമ്മ സമഭാവ’ എന്ന പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചിരുന്നു. സിഖ്, ജൈന, ഹിന്ദു, മുസ്ലീം ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന ‘മത ടൂറിസ്റ്റ് സർക്യൂട്ട്’ ആയിരുന്നു ഇത്. പദ്ധതി പ്രകാരം 9 മുസ്ലീം ആരാധനാലയങ്ങൾ ഏറ്റെടുക്കാനുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ സംസ്ഥാനത്തെ മുസ്ലീങ്ങൾ എതിർത്തിരുന്നു. ഇത് മറികടക്കാൻ കൂടി വേണ്ടിയാണ് സർക്കാരിന്റെ പുതിയ ശ്രമം. സംസ്ഥാനത്ത് ആകെ 13 ശതമാനം മുസ്ലീങ്ങൾ ഉണ്ടെന്നാണ് കണക്ക്.
















Comments