തിരുവനന്തപുരം ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്‌ക്ക് പോലീസിന്റെ ക്ലീൻ ചീറ്റ്. സിനിമയിലെ സംഭാഷണത്തിലോ ദൃശ്യങ്ങളിലോ നിയമലംഘനമില്ലെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചതാണ്. കലാകാരന്റെ ആവിഷ്‌കാരം സ്വാതന്ത്ര്യം മാത്രമാണെന്നും സിനിമയിൽ നിയമലംഘനമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഡിജിപി ഡി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി.
ചുരുളി സിനിമയിൽ മോശം സംഭാഷണമാണെന്നും അത് ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യക്തി നൽകിയ ഹർജിയിലാണ് അന്വേഷണം നടത്താൻ ഹൈക്കോടതി പോലീസ് സംഘത്തെ നിയോഗിച്ചത്. എന്നാൽ സിനിമയിൽ ഉപയോഗിക്കുന്ന ഭാഷയിൽ തെറ്റില്ലെന്നാണ് സമിതി പറയുന്നത്.
സിനിമയിൽ പറയുന്നത് കൊടുങ്കാട്ടിലുള്ള ചുരുളിയെന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥയാണ്. ജീവിതത്തോട് മല്ലിട്ട് നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യർ പരുക്കൻ ഭാഷയാണ് ഉപയോഗിക്കുന്നത്. കഥാപാത്രങ്ങളുടെ വിശ്വാസ്യതയ്ക്ക് ആ ഭാഷ അനിവാര്യമാണെന്നും സമിതി വിലയിരുത്തി. സിനിമയിലെ ഭാഷ എങ്ങനെ വേണമെന്ന് അതിലെ കലാകാരന് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യമായാണ് പോലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.
Comments