ന്യൂഡൽഹി; റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വർണക്കാഴ്ചകൾ വിതറാൻ ആയിരം ഡ്രോണുകൾ. ഐഐടി ഡൽഹി അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഭാഗമായാണ് രാജ്യത്താദ്യമായി ആയിരം ഡ്രോണുകളെ ഉൾക്കൊള്ളിച്ച് ഡ്രോൺ ഷോ നടത്തുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായ ബീറ്റിങ് റിട്രീറ്റ് ഇവന്റിന്റെ ഭാഗമായാണ് ഡ്രോൺ ഷോ.
ഡൽഹി ഐഐടിയുടെ ബോട്ട്‌ലാബ് ഡൈനാമിക്‌സ് എന്ന സ്റ്റാർട്ടപ്പാണ് ഡ്രോൺ ഷോ അവതരിപ്പിക്കുന്നത്. പ്രകടനത്തിനായുള്ള മുഴുവൻ ഡ്രോണുകളും തദ്ദേശീയമായി രൂപകൽപന ചെയ്തതും നിർമിച്ചതുമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമെന്ന പ്രമേയത്തെ സൂചിപ്പിക്കുന്നതായിരിക്കും ഡ്രോൺ ഷോ.
ഇതോടെ അനേകം ഡ്രോണുകളുപയോഗിച്ച് ആകാശത്ത് പ്രകടനം നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇതിന് മുമ്പ് ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളാണ് ഇത്തരത്തിൽ അനേകായിരം ഡ്രോണുകളുപയോഗിച്ച് ഡ്രോൺ ഷോ നടത്തിയത്.
















Comments