പനാജി: ഗോവയിൽ എൻസിപിയും ശിവസേനയും സഖ്യം പ്രഖ്യാപിച്ചു. മഹാരാഷ്‌ട്ര മോഡലിൽ മഹാവികാസ് അഖാഡി സഖ്യം രൂപീകരിക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുപാർട്ടികളും മാത്രം ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. മഹാ വികാസ് അഖാഡിയിലെ മൂന്നാം കക്ഷിയായ കോൺഗ്രസ് സഖ്യത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
കോൺഗ്രസിന് മുൻപിൽ ഒരുമിച്ച് മത്സരിക്കാൻ ഓഫർ വെച്ചിരുന്നതായും എന്നാൽ വിഫലമായെന്നും എൻസിപി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. മത്സരിക്കാമെന്നോ ഇല്ലെന്നോ കോൺഗ്രസ് പറഞ്ഞില്ല. സ്വന്തം നിലയിൽ മത്സരിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നതെന്നും പ്രഫുൽ പട്ടേൽ കൂട്ടിച്ചേർത്തു.
എൻസിപിക്ക് കോൺഗ്രസ് മതിയായ ബഹുമാനം നൽകുന്നില്ലെന്നും പ്രഫുൽ പട്ടേൽ കുറ്റപ്പെടുത്തി. ശിവസേന നേതാവ് സഞ്ജയ് റൗത്തും കോൺഗ്രസുമായി ചർച്ച നടത്തിയിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. സഖ്യം 40 സീറ്റുകളിലും മത്സരിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിൽ പിന്തുണ ആവശ്യമായി വരുന്ന സഖ്യമാകുകയാണ് ശിവസേനയുടെയും എൻസിപിയുടെയും ലക്ഷ്യം. മത്സരിക്കാൻ തീരുമാനിച്ച സീറ്റുകളിൽ കൂടുതലും വിജയസാദ്ധ്യതയുളളതാണെന്ന് നേതാക്കൾ പറഞ്ഞു.
പത്തോ പന്ത്രണ്ടോ സീറ്റുകളിൽ വീതം മത്സരിക്കാനാണ് ഇരു പാർട്ടികളും ആലോചിക്കുന്നത്. മഹാരാഷ്‌ട്രയിലെ സഖ്യത്തിൽ കല്ലുകടി തുടരുന്നതിനിടെയാണ് ഗോവയിലും സഖ്യം വ്യാപിപ്പിക്കാൻ എൻസിപി, കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയത്.
അതിനിടെ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തിറക്കിയത്. ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
















Comments