അബുദാബി: ആരോഗ്യപ്രവർത്തകർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. രോഗബാധിതർ നേരിട്ടിടപഴകുന്ന ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് അബുദാബി ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെങ്കിലും ആരോഗ്യപ്രവർത്തകർ ഓരോ 48 മണിക്കൂറിലും പിസിആർ പരിശോധന നടത്തുകയും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ ക്വാറന്റീനിൽ പ്രവേശിക്കാനും ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശമുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെടുന്ന ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ക്വാറന്റീനിൽ പ്രവേശിക്കണം എന്നായിരുന്നു ഇതു വരെയുള്ള ചട്ടം. ഇവർക്ക് പരിശോധനകളും ആവശ്യമില്ലായിരുന്നു. എന്നാൽ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകൾ പിന്തുടരേണ്ടത്.
ചികിത്സ ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ ചട്ടപ്രകാരം ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വരിക. യുഎഇ ലൈസൻസ് ഉള്ള ആരോഗ്യവിദഗ്ധർക്ക് ഡിസംബർ അവസാനം വരെയും അബുദാബി ലൈസൻസുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് ആരോഗ്യവകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. കൊറോണ രോഗബാധയിലുണ്ടായ വർധനയെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.
















Comments