ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പ്രത്യക്ഷമായ റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കമ്മീഷൻ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാരുമായിട്ടാണ് ആശയവിനിമയം നടത്തുക. യുപി, ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജനുവരി എട്ടിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനൊപ്പം ഈ സംസ്ഥാനങ്ങളിൽ പ്രത്യക്ഷമായ റാലികൾ ഈ മാസം 15 വരെ കമ്മീഷൻ വിലക്കിയിരുന്നു. പിന്നീട് ഇത് 22 വരെയാക്കി നീട്ടി. ഇതാണ് പുനപരിശോധിക്കുക.
നിലവിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇൻഡോർ യോഗങ്ങൾ മാത്രം നടത്താനാണ് അനുമതിയുളളത്. പരാമവധി 300 പേരെ ഉൾക്കൊളളിച്ചോ യോഗം നടക്കുന്ന ഹാളിന്റെ അഞ്ച് ശതമാനം ശേഷിയിലോ മാത്രമേ പരിപാടി നടത്താൻ അനുവാദമുളളു. ഇതും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും.
വാക്‌സിനേഷനിലെ പുരോഗതി പരിഗണിച്ചായിരിക്കും ഈ നിബന്ധനകളിൽ ഇളവ് നൽകുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുക. ഒപ്പം കൊറോണ മൂന്നാം തരംഗത്തിന്റെ വ്യാപനവും കണക്കിലെടുക്കും.
Comments