ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവം ആസൂത്രിതമാണെന്നത് വ്യക്തമായിരിക്കുകയാണ്. ഫിറോസ്പൂരിലെ വേദിയിലേക്ക് വരുന്ന ബിജെപിയുടെ വാഹനങ്ങൾ തടയുന്ന പ്രതിഷേധക്കാരെ അവിടെ നിന്നും മാറ്റേണ്ടെന്ന് സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മേൽപ്പാലത്തിലൂടെ താൻ പോയപ്പോൾ അവിടെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇത് പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചുളള ആക്രമണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധിക്കുന്നതിന് പകരം പഞ്ചാബ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമരീന്ദർ സിംഗ് രംഗത്തെത്തിയത്.
നേരത്തെ മീ ടൂ ആരോപണത്തിന് പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ഛന്നി തന്റെ കാലിൽ വീണ് മാപ്പപേക്ഷിച്ചിട്ടുണ്ട്. അന്ന് ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്. വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തിയാണ് ഛന്നിയെന്നും ഇപ്പോൾ എന്നെ ഒഴിവാക്കാനാണ് ഛന്നി ശ്രമിക്കുന്നത് എന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. അയാളുടെ ബന്ധുവിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടികൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇവിടെ പ്രശ്‌നമുണ്ടാക്കിക്കൊണ്ട് രാജ്യത്തിന്റെ ക്രമസമാധാന നില തകർക്കാൻ പാക് ചാരസംഘടനയായ ഐഎസ്‌ഐ നീക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ താനത് ഒരിക്കലും അനുവദിക്കില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
Comments