കരിപ്പൂർ: കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ്ണ മിശ്രിതം പിടികൂടി. കള്ളക്കടത്ത് സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരേയും പോലീസ് പിടികൂടി. തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്‌ളൈറ്റിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. വിമാനം ഇറങ്ങി വാഹനത്തിൽ കയറാൻ പോയപ്പോൾ ആറോളം പേരെത്തി ഇയാളുടെ ബാഗും മറ്റും തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന കരിപ്പൂർ പോലീസ് എന്താണ് സംഭവമെന്ന് അന്വേഷിക്കാൻ ഇവിടേക്ക് എത്തുകയായിരുന്നു. പോലീസിനെ കണ്ട് നാല് പേർ സ്ഥലത്ത് നിന്ന് ഓടിപ്പോയി. മറ്റ് രണ്ട് പേരെ പോലീസ് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ ഡ്യൂട്ടി ചെയ്യവെയാണ് കള്ളക്കടത്ത് പിടിക്കാനായതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തട്ടിയെടുക്കാനെത്തിയ സംഘത്തിലെ കൊടുവള്ളി സ്വദേശികളായ റഫീഖ് വി.കെ, നിസാർ എ.കെ. എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും, ബാക്കി നാല് പേർക്ക് വേണ്ടി അന്വേഷണം ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
















Comments