ധാക്ക : ബംഗ്ലാദേശിൽ സരസ്വതി ദേവീ വിഗ്രഹങ്ങൾ അടിച്ചു തകർത്ത് മതമൗലിക വാദികൾ. ചിറ്റഗോംഗ് ജില്ലയിലെ ബോൽക്കാലി മേഖലയിലാണ് സംഭവം. ബംഗ്ലാദേശിൽ സരസ്വതി പൂജയ്‌ക്ക് ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കേയാണ് മതമൗലികവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 5നാണ് സരസ്വതി പൂജ.
ശിൽപ്പിയായ ബസുദേവ് പാലിന്റെ നിർമ്മാണ ശാലയിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സരസ്വതി പൂജയ്‌ക്ക് മുന്നോടിയായി 100 ലധികം വിഗ്രഹങ്ങൾ നിർമ്മിച്ച് സൂക്ഷിച്ചിരുന്നു. ഇതിൽ നിർമ്മാണശാലയ്‌ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന 35 വിഗ്രഹങ്ങളാണ് മതമൗലികവാദികൾ അടിച്ചു തകർത്തത്.
വർഷങ്ങളായി വിഗ്രഹങ്ങൾ നിർമ്മിച്ച് ഉപജീവനം നയിച്ചുവരികയാണ് ബസുദേവ്. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറയുന്നു. സരസ്വതീ പൂജയ്‌ക്ക് ഒരുമാസം മുൻപു തന്നെ വിഗ്രഹങ്ങളുടെ നിർമ്മാണം ആരംഭിക്കേണ്ടതുണ്ട്. ഇനി വിഗ്രഹങ്ങൾ നിർമ്മിക്കുക അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ സരസ്വതി പൂജ ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതിന് വേണ്ടിയാണ് മതമൗലികവാദികൾ ക്ഷേത്രങ്ങൾ അടിച്ചു തകർത്തത്. സംഭവത്തിൽ പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ബിന്ദു മഹ്‌ജോത് അദ്ധ്യക്ഷൻ ബിദാൻ കൃഷ്ണ റോയിയ്‌ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം ഉണ്ടായി.
Comments