പന്തളം: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരികെയെത്തി. രാവിലെ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിയ തിരുവാഭരണങ്ങൾ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി.
കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനും വലിയക്കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിനായി പുറത്തെടുക്കും. പുലർച്ചെ ആറന്മുളയിൽ നിന്ന് പുറപ്പെട്ട യാത്ര കുറിയാനിപ്പള്ളി, ഉള്ളന്നൂർ, കുളനട വഴി രാവിലെ 7 മണിയോടെയാണ് പന്തളത്തെത്തിയത്. വലിയപാലത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രക്ക് സ്വീകരണം നൽകി.
തുടർന്ന് മണികണ്ഠൻ ആൽത്തറയിൽ അയ്യപ്പ സേവാ സംഘവും മേടക്കല്ലിൽ പന്തളം കൊട്ടാരം നിർവാഹക സംഘവും സ്വീകരിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് തിരുവാഭരണങ്ങൾ മാറ്റി. ഇനി അയ്യപ്പന്റെ ജന്മനാളായ കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനുമാണ് വലിയക്കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിനായി ഒരുക്കുക.
തീർത്ഥാടന കാലം ആരംഭിച്ചത് മുതൽ തിരുവഭരണങ്ങൾ ദർശിക്കുന്നതിനായി നിരവധി ഭക്തരാണ് പന്തളം കൊട്ടാരത്തിൽ എത്തിച്ചേർന്നത്. തിരുവാഭരണ ഘോഷയാത്രയിലും നൂറുകണക്കിന് ഭക്തർ അനുഗമിച്ചിരുന്നു.
Comments