ന്യൂഡൽഹി : ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് മഹാത്മാ ഗാന്ധിയല്ല മറിച്ച് നേതാജി സുഭാഷി ചന്ദ്രബോസാണെന്ന് അദ്ദേഹത്തിന്റെ മരുമകൻ അർദ്ധേന്ദു ബോസ്. നേതാജിയെ മുഖ്യസ്ഥാനത്ത് നിന്നും മാറ്റി നിർത്തിയത് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്നും അർദ്ധേന്ദു ബോസ് ആരോപിച്ചു. നേതാജിയുടെ 125-ാം ജന്മവാർഷികത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ കാരണം മഹാത്മാ ഗാന്ധിയുടെ അഹിംസാ മാർഗങ്ങളല്ല. മറിച്ച് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജാണ്. ഇത് അന്നത്തെ ഇംഗ്ലണ്ട് പ്രധാനമന്ത്രി ക്ലെമന്റ് റിച്ചാർഡ് ആറ്റ്‌ലി പോലും അംഗീകരിച്ച കാര്യമാണെന്ന് അർദ്ധേന്ദു ബോസ് പറഞ്ഞു.
നേതാജിയും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും തമ്മിൽ കുറേയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നേതാജിയെ മുന്നോട്ട് കൊണ്ടുവരാൻ നെഹ്‌റു ശ്രമിച്ചില്ല. ചരിത്രത്തിൽ നിന്ന് നേതാജിയുടെ പേര് മായ്ച്ചു കളയാനാണ് നെഹ്രു ശ്രമിച്ചതെന്നും അർദ്ധേന്ദു ബോസ് വ്യക്തമാക്കി.
ചരിത്ര പുസ്തകങ്ങളിൽ ഒന്നും തന്നെ നേതാജിയെപ്പറ്റി അധികം പരാമർശിക്കുന്നില്ല. അതുകൊണ്ട് തന്നെ യുവാക്കൾക്ക് ആർക്കും ആ സ്വാതന്ത്ര്യസമര സേനാനിയെപ്പറ്റിയോ ആസാദ് ഹിന്ദ് ഫൗജിനെ പറ്റിയോ അറിയില്ലെന്നും അർദ്ധേന്ദു ബോസ് പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് രാജ്യത്ത് ജനുവരി 23 മുതൽ റിപബ്ലിക് ദിനാഘോഷ പരിപാടികൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മഹാത്മാ ഗാന്ധിയുടെ ചരമ വാർഷികമായ ജനുവരി 30 നാണ് ആഘോഷപരിപാടികൾ അവസാനിക്കുക.
















Comments