ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനം ആഘോഷിക്കുകയാണ് രാജ്യം. ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഇപ്പോഴിതാ ഇന്ത്യാ ഗേറ്റിൽ ഉയർന്നു വന്ന നേതാജിയുടെ രൂപം മണൽതരികളിൽ തീർത്തിരിക്കുകയാണ് ലോകപ്രശസ്ത സാൻഡ് ആർട്ടിസ്റ്റായ സുദർശൻ പട്‌നായിക്.
ഒഡീഷയിലെ പുരി ബീച്ചിലെ മണലിലാണ് നേതാജിയുടെ ശിൽപ്പം സുദർശൻ ഒരുക്കിയത്. ഏഴടി ഉയരത്തിലുള്ള സാൻഡ് ആർട്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാജ്യത്തിന്റെ യഥാർത്ഥ നായകനായ നേതാജിയ്‌ക്ക് സല്യൂട്ട് എന്നും ശിൽപ്പത്തോടൊപ്പം എഴുതിയിട്ടുണ്ട്. സുദർശൻ പങ്കുവെച്ച ട്വീറ്റ് ഇതിനൊടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.
On the 125th birth anniversary of Netaji Subhas Chandra Bose, a 7-ft height sand replica of India Gate with Netaji at Puri Beach Odisha #JaiHind pic.twitter.com/oroM4W1bK2
— Sudarsan Pattnaik (@sudarsansand) January 23, 2022
കഴിഞ്ഞ ദിവസമാണ് ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുമെന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ മകൾ അനിതാ ബോസ്സും കുടുംബവും സ്വാഗതം ചെയ്തിരുന്നു. നേതാജി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ജീവിച്ചു, ജീവിക്കുന്നു, തുടർന്നും ജീവിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് അനിത പറഞ്ഞത്.
നേതാജി സുഭാഷ് ചന്ദ്രബോസിനോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യാഗേറ്റിലെ പ്രതിമ അദ്ദേഹത്തിനോടുള്ള കടംവീട്ടലാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. നേതാജി ജയന്തി ദിനമായ 23-ാം തീയതി സ്ഥാപിക്കാൻ പോകുന്ന പൂർണ്ണകായ പ്രതിമയെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു.
















Comments