ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ജെഎൻയു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ട് ഡൽഹി കോടതി. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലും ജെ.എൻ.യു യൂണിവേഴ്‌സിറ്റിയിലും നടത്തിയ വർഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ഡൽഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സെഷൻസ് കോടതി ജഡ്ജി അമിതാഭ് റാവത്തിന്റേതാണ് ഉത്തരവ്.
യുഎപിഎ ചുമത്തപ്പെട്ട ഷർജീൽ ഇമാം കഴിഞ്ഞ 15 മാസമായി തീഹാർ ജയിലിലാണ്. നാല് കേസുകളാണ് ഷർജീൽ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്രദ്രോഹക്കുറ്റം(124 എ), ശത്രുത പ്രോത്സാഹിപ്പിക്കൽ(153 എ), ദേശീയ അഖണ്ഡതയെ മുൻവിധിയോടെ സമീപിക്കൽ(153ബി) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഷർജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇതിൽ അസമിലും അരുണാചൽ പ്രദേശിലും ഫയൽ ചെയ്ത കേസുകളിൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. ഡൽഹി കലാപം നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയ കേസിലാണ് ഷൽജീൽ അറസ്റ്റിലായിരിക്കുന്നത്.
2019 ഡിസംബർ 13 നാണ് മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ നിരവധി തവണ ഇമാം ജാമ്യത്തിനായി ഹർജി നൽകിയെങ്കിലും കോടതി ഇതെല്ലാം തള്ളുകയായിരുന്നു. 2020ൽ പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ നടന്ന കലാപങ്ങളുടെ മുഖ്യ സൂത്രധാരൻ കൂടിയാണ് ഇയാൾ.
















Comments