ന്യൂഡൽഹി: ഇന്ന് ദേശീയ സമ്മതിദായക ദിനം. തെരഞ്ഞെടുപ്പിൽ തദ്ദേശീയ തലം മുതൽ ലോക് സഭാ തലം വരെ വോട്ടുചെയ്യുക എന്നത് ഒരു പൗരന്റെ കടമയും അവകാശവുമാണ്. 1950 ജനുവരി 25നാണ് ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. അന്നുമുതലേ വോട്ടെടുപ്പിനെക്കുറിച്ചുള്ള ബോധവൽക്കരണം ആരംഭിച്ചിരുന്നു. എന്നാൽ വോട്ടർമാർക്കായി ഒരു ദിനം എന്നത് 2011 മുതലാണ് ആചരിച്ച് തുടങ്ങിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായതിന്റെ 61-ാം വാർഷികത്തിലാണ് സമ്മതിദായക ദിനം ആചരിക്കാൻ തുടങ്ങിയത്. ശക്തമായ ജനാധിപത്യത്തിനായി സമ്മതിദാന സാക്ഷരത എന്നതാണ് ഈ വർഷത്തെ ഊന്നൽ.
ഇന്ത്യയുടെ നിലവിലെ ജനസംഖ്യയുടെ വലിയൊരു ശതമാനത്തേയും വോട്ടെടുപ്പിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. തദ്ദേശീയ തെരഞ്ഞെടുപ്പിൽ ഏതാണ്ട് 90 ശതമാനത്തിലേറെ വോട്ടർമാർ പങ്കെടുക്കുന്നുവെന്നത് ലോകത്തിലെ ഒരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത കണക്കാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്സവമായിട്ടാണ് എല്ലാ തെരഞ്ഞെടുപ്പിനേയും കാണുന്നത്.
















Comments